സ്വർണ്ണം, ഡോളർ കടത്ത് കേസുകൾ: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി
1 min readകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ കോടതിയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാൻ തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണ്.സമാനമായ ഹർജികളിൽ ഡിവിഷൻ ബെഞ്ച് തീർപ്പു കൽപ്പിച്ചിട്ടുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. പൊതുതാത്പര്യമുള്ള വിഷയമല്ല ഹർജിക്കാരൻ ഉന്നയിച്ചതെന്ന് കോടതിക്ക് അഭിപ്രായമില്ല. എന്നാൽ നേരത്തെ കോടതി തീർപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടാൻ വിധം പുതിയ തെളിവുകൾ ഹർജിക്കാരൻ ഹാജരാക്കിയിട്ടില്ല. ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തി കോടതി, അന്വേഷണ സമയത്തു ഉന്നതർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ അന്വേഷണം നടക്കില്ലെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും പറഞ്ഞു. നിങ്ങൾ എത്ര ഉന്നതൻ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി ഹർജിക്കാരനെ ഓർമ്മിപ്പിച്ചു.