December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

1 min read
SHARE

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്‌ [ കെ-ഡിസ്ക് ] സ്കോച്ച് അവാർഡ്.  കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്  നല്‍കുന്ന ബഹുമതിയാണ് സ്‌കോച്ച് അവാര്‍ഡ്. ഇ- ഗവേണന്‍സ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. അഭ്യസ്ഥ വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വ്യവസായ മേഖല  ആവശ്യപ്പെടുന്ന നൈപുണ്യം നല്‍കി തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തമാക്കുകയാണ് മിഷന്‍ ചെയ്യുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. “അഭ്യസ്ഥവിദ്യരും തൊഴില്‍ രഹിതരുമായവരെ കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവയുടെ സഹകരണത്തിലൂടെ കണ്ടെത്തി അവര്‍ ആഗ്രഹിക്കുന്ന മേഖലയില്‍ തൊഴില്‍ ലഭിക്കുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള നൈപുണ്യ പരിശീലനം നല്‍കുക,  നൈപുണ്യം ലഭിച്ചവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി ഇന്‍ഡസ്ട്രിയിലെ നൈപുണ്യ വിദഗ്ദ്ധരായ തൊഴിൽ സേനയുടെ വിടവ് നികത്തുക തുടങ്ങിയവയാണ് കെകെഇഎം പദ്ധതിയിലൂടെ നടപ്പാക്കുന്നത് ” – കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു. കെകെഇഎം തയാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനായി ആശയവിനിമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ഇത്തരത്തില്‍ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാനുള്ള കെ.ഡിസ്‌കിന് കീഴില്‍ വിഭാവനം ചെയ്ത കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ ദേശിയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 27 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.