കേബിള്‍ ടി.വി ഓപറേറ്റര്‍മാര്‍ വഴിയും കെ-ഫോണ്‍ വേഗത്തില്‍ താഴേത്തട്ടിലേക്ക്
1 min readതിരുവനന്തപുരം: സംസ്ഥാനത്തെ കേബിള്‍ ടി.വി ഓപറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തി ഇന്‍റര്‍നെറ്റ് സേവനം താഴേത്തട്ടിലേക്കെത്തിക്കാൻ കെ-ഫോണ്‍ തീരുമാനം.സംസ്ഥാനത്താകെ 6000ത്തോളം കേബിള്‍ ടി.വി ഓപറേറ്റര്‍മാരാണുള്ളത്. താരിഫ് അടിസ്ഥാനത്തിനുള്ള ഇന്‍റര്‍നെറ്റ് കണക്ഷൻ ഇവര്‍ മുഖേന നല്‍കുന്നതോടെ, ഗ്രാമീണ മേഖലയിലേക്കടക്കം കൂടുതല്‍ വേഗത്തില്‍ ഇന്‍റര്‍നെറ്റ് എത്തുമെന്നാണ് കെ-ഫോണിന്‍റെ വിലയിരുത്തല്‍. ഇതിനുള്ള കമീഷൻ വ്യവസ്ഥകള്‍ ഉടൻ നിശ്ചയിക്കും. കരാര്‍, ടെൻഡര്‍ നടപടികളും ഉടൻ ആരംഭിക്കാനാണ് തീരുമാനം. നിലവിലെ സ്വകാര്യ ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ തന്ത്രം കെ-ഫോണും പയറ്റുന്നതോടെ വലിയ മത്സരമാകും മേഖലയിലുണ്ടാകുക. ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്ന തുകയുടെ 50 ശതമാനം കേബിള്‍ ടി.വി ഓപറേറ്റര്‍മാര്‍ക്ക് നല്‍കിയാലും പരമാവധി വേഗത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാമെന്നാണ് കെ-ഫോണ്‍ അധികൃതര്‍ കരുതുന്നത്. 75 ലക്ഷം കുടുംബങ്ങളില്‍ 10 ലക്ഷത്തോളം കുടുംബങ്ങളിലാണ് സ്വകാര്യ സേവനദാതാക്കളുടെയോ ബി.എസ്.എൻ.എല്ലിന്‍റെയോ ഇൻറര്‍നെറ്റ് കണക്ഷനുള്ളത്. ശേഷിക്കുന്ന കുടുംബങ്ങളെയാണ് കെ-ഫോണ്‍ കുറഞ്ഞ താരിഫില്‍ ലക്ഷ്യമിടുന്നത്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജൂലൈ ആദ്യം മുതല്‍ താരിഫ് പ്രകാരമുള്ള കണക്ഷൻ നല്‍കിത്തുടങ്ങാനാണ് ശ്രമം. ആപ്പും വെബ് പോര്‍ട്ടലും ആരംഭിച്ചതോടെ, ഇന്‍റര്‍നെറ്റ് ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. 13,750 പേര്‍ രണ്ടുദിവസംകൊണ്ട് ആപ് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിച്ചു. ഇ-മെയില്‍ വഴിയും അല്ലാതെയും 2000 ത്തോളം അപേക്ഷയുണ്ട്. ഇവയെല്ലാം യഥാര്‍ഥ ആവശ്യക്കാരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നടപടികള്‍. നിലവിലെ സൗജന്യ കണക്ഷൻ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള കണക്ഷൻ എന്നിവക്കാണ് കേരള വിഷനെ ചുമതലപ്പെടുത്തിയത്. സ്വകാര്യ സേവനദാതാക്കള്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വാടകക്ക് നല്‍കി വരുമാനമുണ്ടാക്കുന്നതിനുള്ള ‘ലീസ് ടു ലൈൻ’ നടപടികളും സമാന്തരമായി പുരോഗമിക്കുന്നു. നിലവില്‍ 48 ഫൈബറുകളാണ് കേബിള്‍ ലൈനുകളിലുള്ളത്. കെ-ഫോണിനും കെ.എസ്.ഇ.ബിക്കുമായി 20 മുതല്‍ 22 ഫൈബര്‍ ലൈനുകളാണ് വേണ്ടിവരുക. ശേഷിക്കുന്ന 26 ലൈനുകളാണ് സ്വകാര്യ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്കായി വാടകക്ക് വെക്കുന്നത്. 30,000 കിലോമീറ്റര്‍ ശൃംഖലയാണ് സംസ്ഥാനത്താകെ സജ്ജമാക്കുന്നത്. ഒരു കിലോമീറ്റര്‍ നെറ്റ് വര്‍ക്കിന് 20,000 രൂപ വാടക നിശ്ചയിച്ചാലും വലിയ തുക വരുമാനമായി ലഭിക്കുമെന്നാണ് കെ-ഫോണ്‍ കണക്കാക്കുന്നത്. കെ-ഫോണിനുകീഴില്‍ പണം ഈടാക്കിയുള്ള പൊതുവിടങ്ങളിലെ വൈഫൈ ഹോട്സ്പോട്ടുകളാണ് മറ്റൊരു പദ്ധതി