January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 18, 2025

മഴക്കാല വാഹന ഉപയോഗം: നിർദേശങ്ങളുമായി റോഡ് സുരക്ഷാ അതോറിറ്റി

1 min read
SHARE

വാഹനാപകടങ്ങൾ കൂടുതൽ സംഭവിക്കുന്ന മഴക്കാലത്ത് വാഹന യാത്രികർ ഏറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം. ഒന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.
മഴക്കാലത്ത് പരമാവധി പതുക്കെ വാഹനം ഓടിക്കുക. മഴ എത്തുന്നതോടെ റോഡിൽ വെളളം കെട്ടി നിന്ന് അപകടത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ വാഹനം ഓടിക്കുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ് ലൈറ്റുകൾ തെളിയിക്കുന്നത് മറ്റ് റോഡ് യാത്രികരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് നല്ലതാണ്. ഓട്ടമാറ്റിക് ഹെഡ് ലൈറ്റ് ഓൺ സംവിധാനം ഉള്ളതിനാൽ പുതിയ ഇരുചക്ര വാഹനങ്ങളിൽ എല്ലായ്പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. എന്നാൽ ഹൈബീം ഉപയോഗം എതിരെ വരുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
വാഹനങ്ങളുടെ ടയറിന്റെ നിലവാരം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക. പഴക്കം വന്നതും ത്രെഡ് വെയർ ലിമിറ്റർ വരെ തേയ്മാനം സംഭവിച്ചതുമായ ടയറുകൾക്കു പകരം പുതിയവ ഉപയോഗിക്കാം. ടയർ പ്രഷർ കൃത്യമായി വെക്കുവാൻ ശ്രദ്ധിക്കുക. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. വാഹനം പൂർണ നിയന്ത്രണത്തിലാക്കാൻ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. വൈപ്പർ ബ്ലേഡുകൾ മഴക്കാലത്തിനു മുൻപ് മാറ്റി പ്രവർത്തനക്ഷമത ഉറപ്പു വരുത്തണം. ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ്‌ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
കനത്ത മഴയുളള സമയങ്ങളിൽ യാത്ര പരമാവധി ഒഴിവാക്കുക. ഇരുചക്ര റൈഡർമാർ മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളർ മഴക്കോട്ടുകൾ ഉപയോഗിക്കുക. ഡ്രൈവ് ചെയിൻ, മെക്കാനിക്കൽ ബ്രേക്ക് ലിങ്കുകൾ എന്നിവ കൃത്യം ആയി ലൂബ്രിക്കേറ്റ് ചെയ്യുക. നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും.
ബസുകളുടെ ഷട്ടറുകൾ ലീക്ക് പ്രൂഫ് ആയിരിക്കണം. റോഡിലുള്ള മാർക്കിംഗുകളിലും സീബ്ര ക്രോസിംഗുകളിലും ബ്രേക്കിടുമ്പോൾ സൂക്ഷിക്കുക. മഴക്കാലത്ത് വാഹന യാത്ര സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് കണ്ണൂർ ജില്ല റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.