ഒരു നിലയ്ക്കും വെറുതെ വിടില്ല! അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ ഒരുങ്ങി ബിജെപി
1 min read

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ ഒരുങ്ങി ബിജെപി. ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. എഎപി നേതാക്കൾക്ക് എതിരെയുള്ള അഴിമതി പരാതികളിലും അന്വേഷണത്തിന് ഒരുങ്ങുകയാണ് ബിജെപി.
ദില്ലിയിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമ്മീഷന്റെ നിർദ്ദേശം.40000 സ്ക്വയർ ഫീറ്റിൽ 8 ഏക്കറിലാണ് അരവിന്ദ് കെജ്രിവാൾ തൻ്റെ ഔദ്യോഗിക വസതി ആഡംബര വസ്തിയായി നവീകരിച്ചത്. ദില്ലി പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത നൽകിയ പരാതിയിൽ മേലാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നടപടി.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി ഉയർത്തിയ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആഡംബര വസതി. മന്ത്രിസഭാ രൂപീകരണത്തിന് ശേഷവും എഎപിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് ബിജെപിയുടെ നീക്കം. ആയുഷ്മാൻ ഭാരത് പദ്ധതി ദില്ലിയിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ വേണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് സൂചന.മൊഹല്ല ക്ലിനിക്ക് ഉൾപ്പെടെ ആരോഗ്യ മേഖലയിൽ അഴിമതി ആരോപണങ്ങളിൽ ഉടൻ അന്വേഷണ പ്രഖ്യാപിക്കാനും നീക്കമുണ്ട്.
