പറശ്ശിനിക്കടവ് പാലം തകർച്ചയിൽ
1 min readപറശ്ശിനിക്കടവ്: കാൽനൂറ്റാണ്ട് മുൻപ് ജലസേചനവകുപ്പ് നിർമിച്ച പറശ്ശിനിക്കടവ് പാലം തകർച്ചയിൽ. പാലത്തിന്റെ കൈവരികൾ പലഭാഗത്തും ജീർണിച്ചു. കൈവരികളിലെ കോൺക്രീറ്റ് ഇളകി തുരുമ്പെടുത്ത് കമ്പികൾ പുറത്ത് കാണാം. പാലത്തിന്റെ സ്പാനുകളിലെ കോൺക്രീറ്റിന്റെ മേൽപ്പാളി പലഭാഗത്തും തകർന്നു. പാലത്തിന്റെ ഉപരിതലത്തിലെ തേപ്പ് പൂർണമായി ഇളകി. ഇതു കാരണം വലിയ കുലുക്കത്തോടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് പറശ്ശിനിക്കടവ് വഴി മയ്യിൽ-കൊളച്ചേരി ഭാഗത്തേക്ക് ബസുകളടക്കം നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നുത്. കല്യാശ്ശേരി, മാട്ടൂൽ, മാടായി, തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കും ഒട്ടേറെ വാഹനങ്ങളും പറശ്ശിനിപ്പാലത്തിലൂടെയാണ് എളുപ്പവഴി എന്ന നിലയിൽ കടന്നുപോകുന്നത്. കൂടാതെ പാപ്പിനിശ്ശേരി, വളപട്ടണം, പുതിയതെരു ഭാഗങ്ങളിൽ ദേശീയപാതയിൽ നിത്യേനയുണ്ടാകുന്ന കുരുക്കിൽനിന്ന് രക്ഷപ്പെടാൻ കണ്ണൂരിലേക്കടക്കം ദേശീയപാതയിൽനിന്ന് ധർമശാലയിൽ തിരിഞ്ഞ് പറശ്ശിനിക്കടവ് പാലമാണ് പലരും ആശ്രയിക്കുന്നത്. പാലത്തിന്റെ തൂണുകളിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് ഒന്നരവർഷം മുൻപ് തൂണുകൾ ബലപ്പെടുത്തിയിരുന്നു. വിള്ളൽ വീണ മൂന്ന് തൂണുകൾക്കാണ് ബലക്ഷയമുണ്ടായിരുന്നത്. ഇതിൽ പറശ്ശിനിക്കടവ് ഭാഗത്തെ തൂണുകളിലാണ് ആദ്യം വിള്ളൽ ദൃശ്യമായത്. തൂണുകളിൽ വിണ്ടുകീറലും സിമന്റ് പാളി അടർന്നുവീണ് കമ്പികൾ പുറത്തായ നിലയിലും കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.
തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ ജലസേചനവകുപ്പ് മുൻകൈയെടുത്തത്. 2019-ൽ അടങ്കൽ തയ്യാറാക്കിയെങ്കിലും 2021-ൽ മാത്രമാണ് തൂണുകളുടെ ബലക്ഷയം ഭാഗികമായെങ്കിലും പരിഹരിക്കാൻ അധികൃതർ മുന്നോട്ടുവന്നത്. 1997-ലാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലം തുറന്നതോടെ ആന്തൂർ-മയ്യിൽ ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമായി. എന്നാൽ പാലം നിർമിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടുമ്പോൾ പാലത്തിന്റെ പൂർണതോതിലുള്ള ബലക്ഷയം മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാകാത്തതിൽ ജനരോഷം ശക്തമാണ്. പറശ്ശിനിക്കടവ് തീർഥാടന-വിനോദസഞ്ചാരത്തിനെത്തുന്നവരുടെ പ്രധാന ക്യാമറാ ലൊക്കേഷൻ കൂടിയാണ് പാലവും പരിസരവും.