മനേക്കര– പാനൂർ റൂട്ടിൽ 53 വർഷം സർവീസ്; സജിത്ത് ബസിന് നാട്ടുകാരുടെ ആദരം 29 ന്
1 min readമനേക്കര–പാനൂർ റൂട്ടിൽ 53 വർഷം സർവീസ് നടത്തി യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാർ 29ന് സ്നേഹാദരം നൽകും. മനേക്കര പൗരാവലിയും ഇഎംഎസ് സ്മാരക വായനശാലയുമാണ് ആദരം പരിപാടി സംഘടിപ്പിക്കുന്നത്. പേരും റൂട്ടും മാറാതെയുള്ള ഓട്ടം 53 വർഷത്തിലെത്തി. തലശ്ശേരിയിൽ നിന്ന് മനേക്കര വഴി പാനൂരിൽ ആദ്യമായി സർവീസ് നടത്തിയതും സജിത്ത് ബസാണ്. എല്ലാം മാറ്റമില്ലാതെ നടക്കുന്നു. 1969ലാണ് കോടിയേരിയിലെ കെ.വേലായുധൻ ബസ് വാങ്ങിയത്.തലശ്ശേരിയിൽ നിന്ന് മനേക്കര വരെയായിരുന്നു ആദ്യ സർവീസ്. പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപത്തു നിന്ന് തിരിച്ചു പോകും. മനേക്കരയിൽ നിന്ന് പാനൂരിലേക്കുള്ള വീതി കുറഞ്ഞ മൺ റോഡിൽ ബസ് ഗതാഗതം സാധ്യമായിരുന്നില്ല. നാട്ടുകാരുടെ ശ്രമത്തിൽ വീതി കൂട്ടിയതോടെ 1971ൽ പാനൂരിലേക്ക് ഓട്ടം ആരംഭിച്ചു. രാവിലെ ആരംഭിക്കുന്ന ട്രിപ്പ് രാത്രി 10.30ന് പാനൂരിൽ അവസാനിക്കും. വേലായുധൻ രണ്ടാമത്തെ മകൻ സജിത്തിന്റെ പേരാണ് ബസിനു നൽകിയത്. കെഎൽസി 5343 നമ്പർ ബസിൽ തുടങ്ങി. 1980ൽ 7 ബസുകളുടെ ഉടമയാകാൻ കഴിഞ്ഞു. തലശ്ശേരിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്കും കോഴിക്കോട്ടേക്കും തൃശൂരിലേക്കും ബസ് സർവീസ് നടത്താൻ കഴിഞ്ഞു. ഇപ്പോൾ പാനൂർ–മനേക്കര–തലശ്ശേരി റൂട്ടിലോടുന്ന ബസ് മാത്രമേ ഉള്ളൂ. ഓട്ടത്തിന്റെ സമയത്തിലും ജീവനക്കാരുടെ പെരുമാറ്റത്തിലും ഉടമയുടെ സൗമനസ്യത്തിലും നാട്ടുകാരുടെ പ്രിയപ്പെട്ട ബസായി ഇതിനകം മാറിക്കഴിഞ്ഞു.29ന് 5.30ന് വായനശാലാ പരിസരത്ത് നടക്കുന്ന ചടങ്ങ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ ആദരിക്കും. വൈസ് പ്രസിഡന്റ് സി.കെ.രമ അധ്യക്ഷത വഹിക്കും.