മുതിർന്നവർ ശ്രദ്ധിക്കാത്തതു കുട്ടികൾ കണ്ടു; തിയേറ്ററുടമകളോടു ശ്രീപഥിനു പറയാനുള്ളത്
1 min read

മാളികപ്പുറം സിനിമയിൽ പീയൂഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീപഥ് യാന്‍ എന്ന മിടുക്കന്റെ വാക്കുകൾക്കു പ്രാധാന്യമേറുന്നു. തിയേറ്ററുടമകളോടായി ശ്രീപഥ് നിർദേശിച്ച കാര്യങ്ങളാണ് ശ്രദ്ദേയമാകുന്നത്. തിയേറ്ററുകളില്‍ റാംപ് സൗകര്യം ഉൾപ്പെടുത്തണമെന്നായിരുന്നു നിർദേശം. കുട്ടിയാണെങ്കിലും ശ്രീപഥ് പറഞ്ഞ കാര്യത്തെ ഗൗരവത്തോടെ കാണണമെന്ന് ഡോ. ശാരദാ ദേവി വി. സമൂഹമാധ്യമത്തിൽ കുറിച്ചു. മുതിർന്നവർ പോലും ശ്രദ്ധിക്കാത്ത കാര്യത്തെ കണ്ടറിഞ്ഞ് നിർദേശം മുന്നോട്ടു വെയ്ക്കുന്ന കുട്ടികളാണ് ഡിസേബിൾഡ് ഫ്രണ്ട്‌ലി സമൂഹത്തിന്റെ ഭാവിയെന്നും കുറിപ്പിലുണ്ട്. ‘മാളികപ്പുറം’ സിനിമയിൽ അഭിനയിച്ച കുട്ടികളായ ശ്രീപഥും ദേവനന്ദയും പങ്കെടുത്ത ഇന്റർവ്യൂവിനിടക്ക് ശ്രീപഥ് പറഞ്ഞ ഒരു കാര്യം വളരെ ഗൗരവത്തോടെയാണ് ആ കുട്ടി അതിനെക്കുറിച്ചു സംസാരിച്ചത്. തീയേറ്ററുകളിൽ പടികൾ വേണ്ട, അതിനു പകരം നടന്നു കയറാവുന്ന റോഡ് പോലെ ഉള്ള സംവിധാനം മതിയെന്നും വീൽചെയറുകൾ തീയേറ്ററുകളിൽ ലഭ്യമാക്കണമെന്നും ആണ് ആ കുട്ടി പറയുന്നത്. റാമ്പ് സൗകര്യത്തെക്കുറിച്ചാണ് ശ്രീപഥ് ഉദ്ദേശിക്കുന്നത്. തിയേറ്ററുകളിലേക്ക് വന്ന പ്രായമായ വ്യക്തികൾ പടികൾ കയറാൻ ബുദ്ധിമുട്ടുന്നതും വീഴാൻ പോകുന്നതും നേരിൽക്കണ്ടതാണ് ആ കുട്ടിയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. പ്രായമായവർക്ക് മാത്രമല്ല ചലനപരിമിതികൾ ഉള്ള ആർക്കും അത് പ്രയോജനപ്പെടും. അത്രയും ആഴത്തിൽ ചിന്തിക്കാൻ ഉള്ള പ്രായം ആ കുട്ടിക്ക് ആയിട്ടില്ല. എന്നാൽ റാമ്പ് സംവിധാനത്തിന്റെ ഗുണങ്ങൾ അറിയാവുന്ന മുതിർന്നവർ പോലും അക്കാര്യം ശ്രദ്ധിക്കാതെ വിടുമ്പോൾ ആണ് ഈ കുട്ടി കണ്ടറിഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കി ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വെക്കുന്നത്. ഇങ്ങനെ ഉള്ള കുട്ടികളിൽ ആണ് ഡിസേബിൾഡ് ഫ്രണ്ട്‌ലി സമൂഹത്തിന്റെ ഭാവി. വളർന്നുവരുമ്പോൾ മുതിർന്നവർ ഏബ്ളിയിസത്തിന്റെ വിഷം കുത്തിവെച്ചു ഇത് പോലെയുള്ള കുട്ടികളെ നശിപ്പിക്കാതിരിക്കട്ടെ.
