തൃശൂർ പൂരം പ്രദർശനം; തറവാടകയിൽ തർക്കം തുടരുന്നു,എക്സിബിഷന്‍ നാളെ തുടങ്ങും
1 min readതൃശൂര്‍: തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരം എക്സിബിഷനുള്ള തറവാടക സംബന്ധിച്ച് സമവായമായില്ല. ചതുരശ്രയടിക്ക് രണ്ട് രൂപ വീതം നൽകാനാവില്ലെന്ന നിലപാടിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. എന്നാൽ ഹൈക്കോടതി വിധി വരുന്ന മുറക്ക് തീരുമാനം എടുക്കാമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കണക്കു കൂട്ടൽ. വാടക കാര്യത്തിൽ തീരുമാനമായില്ലെങ്കിലും പൂരം എക്സിബിഷൻ നാളെ ആരംഭിക്കും.കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള തേക്കിൻകാട് മൈതാനമാണ് പൂരം എക്സിബിഷന് ഉപയോഗിക്കുന്നത്. ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധിച്ച ഹൈക്കോടതിയാണ് ചെറിയ തുക വാങ്ങി മൈതാനം വാടകക്ക് നൽകാൻ ആവില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ പ്രതിദിനം ചതുരശ്രയടിക്ക് 2 രൂപ വെച്ച് ഈടാക്കിയാൽ ഈ പൂര കാലത്ത് 1 കോടി 80 ലക്ഷത്തോളം രൂപ വാടക വരുമെന്ന് ദേവസ്വങ്ങൾ പറയുന്നു. ലോക്കൽ ഫണ്ട് ഓഡിറ്റിങ്ങിൽ പൂര പ്രദർശനത്തിന്‍റെ വാടക മാത്രം കോടതിയിൽ എടുത്തു കാട്ടിയെന്നും അവർ ആരോപിച്ചു.പൂരം എക്സിബിഷന്‍റെ വാടകയിനത്തിൽ ദേവസ്വം ബോർഡിന് കൃത്യമായ വരുമാനം കിട്ടുന്നില്ലെന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റിങ്ങിൽ ഉള്ളതെന്ന് പ്രസിഡന്‍റ് എം. കെ സുദർശനൻ പറഞ്ഞു. ചതുരശ്രയടിക്ക് രണ്ട് പൈസ കൂട്ടി തരാമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. അനിശ്ചിതാവസ്ഥ മാറുമെന്ന കണക്ക് കൂട്ടലിൽ 60-ാമത് പൂര പ്രദർശനം നാളെ തുടങ്ങും. മെയ് 22 വരെ നീളുന്ന പ്രദർശനത്തിൽ 180 സ്റ്റാളുകൾ ഉണ്ടാകും.