ഈ ഒൻപത് ലക്ഷണങ്ങളിൽ 5 എണ്ണം ഉണ്ടോ ? നിങ്ങളിൽ വിഷാദരോഗം ഒളിഞ്ഞിരിപ്പുണ്ടാകാം
1 min readലോകാരോഗ്യ സംഘടന 2018 ൽ പുറത്ത് വിട്ട കണക്ക് പ്രകാരം വിഷാദ രോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ആറാമതാണ്. വിഷാദ രോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറി വരുന്ന ഈ കാലത്ത് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ മാനസിക ഉലച്ചിലുകളെ പോലും നാം സംശയത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നു.
എന്നാൽ കേട്ടോളു, ഇടയ്ക്കുണ്ടാകുന്ന ചെറിയ സങ്കടങ്ങളോ, മടുപ്പോ ഒന്നുമല്ല വിഷാദ രോഗം. അതുകൊണ്ട് തന്നെ ചെറിയ മൂഡ് ചേഞ്ചസിനെ ഭയക്കേണ്ടതില്ല. അത് സർവസാധാരണമാണ്. ഒരു മനുഷ്യന് എല്ലാ ദിവസവും സന്തോഷം മാത്രം ഉണ്ടാകില്ല എന്ന് ഓർമിക്കുക. എന്നാൽ ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ രണ്ടാഴ്ച തുടർച്ചയായി അനുഭവപ്പെട്ടാൽ അതിനർത്ഥം നിങ്ങൾക്ക് വിഷാദരോഗമുണ്ടെന്നാണ്. എന്തെല്ലാമാണ് ഈ ലക്ഷണങ്ങളെന്ന് വിശദീകരിക്കുകയാണ് ഡോ.അരുൺ ബി നായർ.
- രാവിലെ മുതൽ വൈകീട്ട് വരെ നീണ്ട് നിൽക്കുന്ന തുടർച്ചയായ വിഷാദ ഭാവം
- മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന പല കാര്യങ്ങളിലും താത്പര്യമില്ലായ്മ.
- അകാരണമായ ക്ഷീണമാണ് മൂന്നാമത്തെ ലക്ഷണം.
- ഉറക്കകുറവ്
- വിശപ്പില്ലായ്മ
- ചിന്തകളുടേയും പ്രവർത്തിയുടേയും വേഗത കുറവാണ് ആറാമത്തെ ലക്ഷണം. ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ കൂടുതൽ സമയം എടുക്കുന്നു, ഒരു കാര്യം ചെയ്ത് തീർക്കാൻ സമയമെടുക്കുന്നു എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
- ഏകാഗ്രത കുറവും വിഷാദ രോഗത്തിന്റെ ലക്ഷ്ണമാണ്.
- വിഷാദ ചിന്തകൾ- ജീവിതത്തിൽ പ്രതീക്ഷയില്ലായ്മ, തന്നെ ആരും സഹായിക്കാനില്ല, ഒറ്റപ്പെട്ട് പോകുന്നു എന്നീ ചിന്തകൾ വിഷാദരോഗമുള്ളവരിൽ കാണപ്പെടുന്നു.
- ആത്മഹത്യാ പ്രവണത. ഈ ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയായി തുടർച്ചയായി ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ രു വിദഗ്ധന്റെ സഹായം തേടണം.