കണ്ണൂരില്‍ നായാട്ടിനുപോയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു
1 min readകണ്ണൂർ: പയ്യാവൂരിൽ കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ കാവലിരിക്കുന്നതിനിടയിൽ അബന്ധത്തിൽ വെടി പൊട്ടി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ പെട്ട കാത്തിരക്കൊല്ലിയിലാണ് സംഭവം നടന്നത്. ബെന്നി പരത്തനാൽ (55) ആണ് മരണപ്പെട്ടത്. ലൈസൻസ് ഇല്ലാത്ത തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. സംഭവം നടക്കുമ്പോൾ പ്രദേശവാസികളായ രണ്ട് പേർ ബെന്നിയോടൊപ്പം ഉണ്ടായിരുന്നു. താഴെ വീണ തോക്ക് എടുക്കുന്നതിനിടയിൽ തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. ബെന്നിയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരും ചേർന്ന് പ്രദേശത്ത് കപ്പ കൃഷി ചെയ്തിരുന്നു. ഈ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. കർഷകർ രാത്രിയിൽ കാവലിരുന്നാണ് കാർഷിക വിളകൾ സംരക്ഷിക്കുന്നത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിന് കാരണമായ തോക്ക്. കസേരയിൽ തോക്കുമായി കാവലിലിരിക്കുകയായിരുന്ന ബെന്നി ഉറക്കം തൂങ്ങുന്നതിനിടയിൽ തോക്ക് താഴെ വീണു, ഇത് കുനിഞ്ഞ് എടുക്കുന്നതിനിടയിലാണ് അബന്ധത്തിൽ വെടി പൊട്ടിയത്. ഈ സമയം മറ്റ് രണ്ട് പേർ തറയിൽ കിടന്ന് ഉറങ്ങുക ആയിരുന്നു. വെടിശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഇവർ പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഉടൻ തന്നെ പയ്യാവൂരിലുള്ള ആസ്പത്രിയിൽ എത്തിച്ചു , പക്ഷേ മരിച്ചിരുന്നു. കൂടെയുള്ള രണ്ട് പേർ പയ്യാവൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സംഭവിച്ചത് പറയുകയായിരുന്നു. സ്റ്റേഷനിൽ ഹാജരായ മറ്റ് രണ്ട് പേർ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ഉള്ളത്.