ചുമ്മാ റോൾ അല്ല, പാട്രിക്ക് ഞെട്ടിക്കും’; വേട്ടയ്യൻ ട്രെയിലർ റിലീസിന് പിന്നാലെ ഫഹദിന് കയ്യടിച്ച് സോഷ്യൽ മീഡിയ

1 min read
SHARE

രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. രജനികാന്തിന്റെ ‘ഫുൾ ഓൺ ഷോ’യ്ക്കും അമിതാഭ് ബച്ചന്റെ പ്രകടനത്തിനുമൊപ്പം ശ്രദ്ധ നേടുന്ന മറ്റൊന്നാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രവും. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിനിടയിൽ രജനികാന്ത് ഫഹദിന്റെ കഥാപാത്രത്തെക്കുറിച്ച് ഏറെ ആവേശത്തോടെ സംസാരിക്കുകയുണ്ടായി. ആ വാക്കുകൾ ശരിവെക്കുന്നതാണ് ട്രെയിലർ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ഫൺ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനുമപ്പുറം ആക്ഷൻ രംഗങ്ങളെല്ലാമുള്ള കഥാപാത്രമായിരിക്കും ഇത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിക്രം, മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മാമന്നനിലെ ജാതിവെറിയനായ രത്നവേൽ എന്ന കഥാപാത്രവും കമൽ ഹാസൻ ചിത്രം വിക്രമിലെ അമറും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. വേട്ടയ്യൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും. വേട്ടയ്യന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിൻ്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.

ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ ‘മനസിലായോ’ എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യറും ആടിതിമിര്‍ത്ത ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും ‘ചേട്ടന്‍’ വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.