February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും

1 min read
SHARE

*ലക്ഷ്യം ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനം ഏകോപിപ്പിക്കൽ

നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി ടെക്/എം ബി എ/ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷൻ സംസ്ഥാന ഓഫീസിൽ ഒരു ഡോക്യുമെന്റേഷൻ സ്‌പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്യൂണിക്കേഷൻ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ നിയമനങ്ങളും മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് നൂറുപേരുടെയും തെരഞ്ഞെടുപ്പ്.

ശുചിത്വ കേരളത്തിലേക്കുള്ള യാത്രയിലെ നിർണായക ചുവടുവെപ്പാകും യുവ പ്രഫഷണൽമാരുടെ നിയമനമെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഇത് ശക്തി പകരും. 2026 ഓടെ ശുചിത്വ കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഖര-ദ്രവ-കെട്ടിട മാലിന്യങ്ങളുൾപ്പെടെ കൈകാര്യം ചെയ്യുന്ന പുത്തൻ മാതൃകകൾ സംസ്ഥാനത്ത് സൃഷ്ടിക്കും. ജനങ്ങളെ ബോധവത്കരിച്ച്, ജനകീയമായിത്തന്നെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാണ് സർക്കാർ ശ്രമം. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ യുവ പ്രൊഫഷണലുകൾക്കും നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണ പദ്ധതികൾ എല്ലാ നഗരസഭകളിലും യാഥാർഥ്യമാക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. നഗരസഭകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് മാലിന്യ-ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് ഏകോപനം യാഥാർഥ്യമായതോടെ എല്ലാ നഗരസഭകളിലും ക്ലീൻ സിറ്റി മാനേജർമാരും നിയമിക്കപ്പെടുകയാണ്. ഇതിന് പുറമേ കോർപറേഷനുകളിൽ എൻവയോൺമെന്റൽ എഞ്ചിനീയർമാരും നിയമിക്കപ്പെടും. ഇവർക്കൊപ്പം യുവ പ്രൊഫഷണലുകൾ കൂടി എത്തുന്നതോടെ, ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് പുത്തൻ കുതിപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *