September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി; അവസാന മത്സരം ശനിയാഴ്ച

1 min read
SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 16 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു. പൂനെയിൽ നടന്ന മത്സരത്തിൽ അക്സർ പട്ടേലും, സൂര്യകുമാർ യാദവും അതിവേ​ഗ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ലങ്കയും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി (1-1). പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കുശാൽ മെൻഡിസ് തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്തതോടെ ലങ്കൻ സ്കോർ അതിവേഗത്തിൽ കുതിച്ചു. താരം 31 പന്തിൽ 3 ബൗണ്ടറികളുടേയും, 4 സിക്സറുകളുടേയും സഹായത്തോടെ 52 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് പുറത്തായത്. പതും നിസങ്ക 33 റൺസ് നേടി‌. നാലാമനായി ബാറ്റിംഗിനെത്തിയ ചരിത് അസലങ്ക 19 പന്തുകളിൽ 4 സിക്സറുകൾ അടക്കം 37 റൺസാണ് അടിച്ചെടുത്തത്.

നായകൻ ദാസുൻ ഷനകയെത്തിയതോടെയായിരുന്നു ശെരിക്കുള്ള വെടിക്കെട്ട് ആരംഭിച്ചത്. ഇന്ത്യൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ച ഷനക 20 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി നേടി. 22 പന്തിൽ നിന്ന് 6 സിക്സറുകളും, 2 ബൗണ്ടറികളുമടക്കം 56 റൺസ് നേടിയ ഷനക പുറത്താകാതെ നിന്നു. വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. 21 റൺസ് കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഇന്ത്യയുടെ 2 ഓപ്പണർമാരും പുറത്തായിരുന്നു.

ഇഷാൻ കിഷൻ 2 റൺസിലും, ശുഭ്മാൻ ഗിൽ 5 റൺസിനുമാണ് കൂടാരം കയറിയത്. അരങ്ങേറ്റക്കാരൻ രാഹുൽ ത്രിപാതി (5 റൺസ്), നായകൻ ഹാർദിക് പാണ്ഡ്യ (12) റൺസ് എന്നിവരും പെട്ടെന്ന് വീണതോടെ ഇന്ത്യ 34/4 എന്ന നിലയിൽ പരുങ്ങലിലായി. ദീപക് ഹൂഡ 9 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ 57/5 എന്ന നിലയിൽ തോൽവി മണത്തു. എന്നാൽ ഇതിന് ശേഷമായിരുന്നു സൂര്യകുമാർ യാദവിന്റേയും അക്സർ പട്ടേലിന്റേയും കരുത്തിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

അക്സർ പട്ടേൽ 20 പന്തിൽ അർധ സെഞ്ച്വറി നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. മറുവശത്ത് സൂര്യകുമാർ യാദവും അർധ സെഞ്ചുറി കണ്ടെത്തി‌. എന്നാൽ സ്കോർ ബോർഡ് 148 ആയപ്പോഴേക്കും സ്കൈ വീണു. 36 പന്തിൽ 3 വീതം ബൗണ്ടറികളും, സിക്സറുകളും അടക്കം 51 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അക്സർ പട്ടേൽ 65 റൺസും, അവസാനം ആഞ്ഞടിച്ച ശിവം മാവി 15 പന്തിൽ 2 വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 26 റൺസും നേടി.

Leave a Reply

Your email address will not be published. Required fields are marked *