തലശ്ശേരി-മാഹി ബൈപ്പാസിലെ അശാസ്ത്രീയ ടോൾ പ്ലാസ അടച്ചു പൂട്ടണം : യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി

1 min read
SHARE

കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസിലെ അശാസ്ത്രീയ ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇന്ന് തലശ്ശേരി – മാഹി ബൈപ്പാസിലെ ടോൾപ്ലാസയിലേക്ക് ജില്ലാ യൂത്ത് ലീഗ് മാർച്ച് നടത്തി. ദേശീയ പാതയിൽ 60 കിലോമീറ്ററിൽ ഒരിടത്തു മാത്രമേ ടോൾ പിരിവ് ഉണ്ടാകൂ എന്നതാണ് കേന്ദ്രനയം എന്നിരിക്കെ 18.6 കിലോമീറ്റർ പാത വഴി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അമിത ചാർജാണ് നിലവിൽ ഈടാക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ടോൾപിരിവ് കാരണം യാത്രക്കാർ മണിക്കൂറുകളോളം ബ്ലോക്കിൽപ്പെടുകയാണ്. ആംബുലൻസുകൾ പോലും കുരുക്കിൽനിന്ന് മുന്നോട്ടെടുക്കാൻ പ്രയാസമാവുന്ന രീതിയിലാണ് ടോൾ പ്ലാസ ഒരുക്കിയിട്ടുള്ളത്. ഇത് മൂലം സാധാരണ വാഹനങ്ങൾ മണിക്കൂറുകളോളം ടോൾ പ്ലാസയിൽ കുരുങ്ങിക്കിടക്കുന്ന അവസ്ഥ മാറണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നസീർ നെല്ലൂർ ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക്കുക അധികചാർജ് പിൻവലിക്കുക ടോൾ പിരിക്കാനുള്ള നിലവിലെ കേന്ദ്രനയം പാലിക്കുക എന്നും അദ്ദഹം പ്രസ്താവിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ അദ്ധ്യക്ഷത വഹിച്ചു. ഷഫീഖ് എൻ.കെ, റഷീദ് തലായി, തഫ് ലീം മാണിയാട്ട്, ഷഹബാസ് കായ്യത്ത്, സനീദ് പന്നിയൂർ എന്നിവർ സംസാരിച്ചു. അലി മംഗര സ്വാഗതവും തസ്ലിം ചേറ്റംകുന്ന് നന്ദിയും പറഞ്ഞു.