December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 6, 2025

അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം

SHARE

അനുവാദമില്ലാതെ പാട്ടുപയോഗിച്ചതില്‍ ഇ‍ളയരാജയുമായി ഒത്തു തീർപ്പിന് നല്‍കേണ്ടി വന്നത് വൻതുക. ഇളയരാജയുടെ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നതിനാണ് രണ്ട് പാട്ടുകൾക്ക് മൈത്രി മൂവി മേക്കേഴ്‌സിന് 50 ലക്ഷം നല്‍കേണ്ടി വന്നത്. ആധിക് രവിചന്ദ്രന്റെ അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിലും പ്രദീപ് രംഗനാഥന്റെ ‘ഡ്യൂഡി’ലും ഉപയോഗിച്ച പാട്ടുകൾ തന്റെ അനുമതിയോടെയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം പുറത്തിറങ്ങിയ ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ‘ഒത്തരൂപ താരേന്‍’, ‘ഇളമൈ ഇതോ ഇതോ’, ‘എന്‍ ജോഡി മഞ്ഞക്കുരുവി’ എന്നീ പാട്ടുകളാണ് ഉപയോഗിച്ചത്. ഇതിനെതിരെയായിരുന്നു ആദ്യം ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്. തൊട്ട് പിന്നാലെ അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘ഡ്യൂഡി’എന്ന ചിത്രത്തിലും രണ്ട് പാട്ടുകൾ ഉപയോഗിച്ചു. ഇതിനെതിരേയും ഇളയരാജ രംഗത്ത് വന്നു.

ഒത്ത് തീർപ്പ് ധാരണ പ്രകാരം ‘ഡ്യൂഡി’യിലെ രണ്ട് പാട്ടുകൾ ഒ.ടി.ടി യില്‍ ഉപയോഗിക്കാം. എന്നാല്‍ ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ച മൂന്ന് ഗാനങ്ങളും ഒ‍ഴിവാക്കണം. ആര്‍ടിജിഎസിലൂടെ ഇളയരാജയ്ക്ക് പണം കൈമാറിയതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിക്ക് മുമ്പാകെയാണ് ഇരുഭാഗവും സംയുക്തമായി ഒപ്പിട്ട സത്യവാങ്മൂലം ഹാജരാക്കിയത്. നിര്‍മാണക്കമ്പനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവന നടത്താമെന്ന് ഇളയരാജ സമ്മതിച്ചതായും കോടതിയെ അറിയിച്ചു.