ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അലാറം; നിരത്തുകളിൽ ഹിറ്റാകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ.

1 min read
SHARE

യാത്രക്കാർക്ക്‌ മികച്ച സൗകര്യങ്ങൾ നൽകി നിരത്തുകളിൽ സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങി കെഎസ്ആർടിസിയുടെ പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ. ഡ്രൈവർ മൊബൈൽ ഉപയോഗിച്ചാലോ കണ്ണടച്ചാലോ യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അനുവദിക്കുന്ന അലാറം അടക്കമുള്ളവ സജ്ജീകരിച്ചുകൊണ്ടാണ് ഈ ബസ് നിരത്തുകളിലേക്ക് എത്തുന്നത്. മറ്റ്‌ എസി ബസുകളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ അത്യാധുനിക സൗകര്യങ്ങളോടെ യാത്ര നടത്താൻ യാത്രക്കാർക്ക് കഴിയും. 40 പുഷ്‌ബാക്ക്‌ സീറ്റ്‌, സീറ്റ്‌ ബെൽറ്റ്‌, ഇന്റർനെറ്റ്‌, മൊബൈൽ ചാർജിങ്‌, റീഡിങ് ലാമ്പ്, മാഗസിൻ പൗച്ച്, ടിവി, പാട്ട്‌ എന്നിവയാണ് ബസിന്റെ മറ്റ് പ്രത്യേകതകൾ. വൈഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക്‌ ഒരു ജിബി ഡാറ്റ സൗജന്യമാണ്‌. അധികനിരക്ക്‌ നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പൊതുജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം നൽകാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തനതു ഫണ്ട് ഉപയോഗിച്ചാണ് പത്ത് എസി സൂപ്പർ ഫാസ്റ്റ്‌ ബസുകൾ വാങ്ങിച്ചത്‌. ജീവനക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച്‌ എല്ലാ മാസവും മുഴുവൻ ശമ്പളവും നേരത്തേ നൽകാനാണ് വകുപ്പ്‌ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.