സ്ത്രീകളുടെ അക്കൗണ്ടില്‍ എല്ലാ മാസവും 1000 രൂപ, പദ്ധതിക്ക് അനുമതി നൽകി ദില്ലി മന്ത്രിസഭായോഗം
1 min read

രാജ്യ തലസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകാനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകി ദില്ലി മന്ത്രിസഭായോഗം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളാണ് അറിയിച്ചത്. മഹിളാ സമ്മാൻ യോജന പദ്ധതി പ്രകാരമാണ് 18 വയസ്സ് പൂർത്തിയായ യുവതികൾക്ക് സഹായം നൽകുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്നാൽ ഈ തുക 2100 രൂപയാക്കി വർധിപ്പിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ദില്ലിയിൽ 15 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിൻ്റെ പുതിയ പ്രഖ്യാപനം. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തതിനാൽ സ്ത്രീകളുടെ അക്കൌണ്ടിൽ പണം ഉടൻ നിക്ഷേപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ പദ്ധതി നടപ്പാക്കാൻ താൻ ശ്രമിച്ചിരുന്നെങ്കിലും അവർ ദില്ലി മദ്യനയ കേസിൽ ഉൾപ്പെടുത്തി ജയിലിലേക്ക് അയച്ചു. എന്നാൽ, പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രി അതിഷിയുമായി ചർച്ച നടത്തിയാണ് ഇപ്പോൾ ഈ പദ്ധതി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പണപ്പെരുപ്പം കാരണം 1000 രൂപ മതിയാകില്ലെന്ന് ചില സ്ത്രീകള്‍ പരാതിയായി പറഞ്ഞു, അതുകൊണ്ടാണ് തുക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതെന്നും കെജ്രിവാൾ സൂചിപ്പിച്ചു.
