തിരുവല്ല സ്വദേശികളുടെ അപകടം : ട്രെയിൻ ഒഴിവാക്കി കാറില്‍ പോയത് കുഞ്ഞിന്റെ സുരക്ഷയ്ക്കായി

1 min read
SHARE
കോയമ്പത്തൂരിലെ വാഹന അപകടത്തില്‍ തിരുവല്ല സ്വദേശികളായി മൂന്നുപേർ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
യാത്രയില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞു കൂടി ഉണ്ടായിരുന്നതിനാലാണ് തിരുവല്ല സ്വദേശി ജേക്കബ് എബ്രഹാമും കുടുംബവും ബെംഗളൂരുവിലേക്കുള്ള യാത്ര കാറിലാക്കിയതെന്നു വിവരം. ട്രെയിനിലെ യാത്ര കുഞ്ഞിന് അസൗകര്യമാകരുതെന്നു കരുതിയായിരുന്നു കാറില്‍ പോകാനുള്ള തീരുമാനം. അതുപക്ഷേ ദുരന്തത്തിലേക്കുള്ള യാത്രയായിരുന്നെന്ന് അവരറിഞ്ഞില്ല.
രാവിലെ പതിനൊന്നരയോടെ മധുക്കര എല്‍ആൻഡ്‌ടി ബൈപാസില്‍ നയാര പെട്രോള്‍ പമ്ബിനു സമീപം കാറും വാനും കൂട്ടിയിടിച്ചാണ് തിരുവല്ല ഇരവിപേരൂർ കുറ്റിയില്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവർ മരിച്ചത്. മകള്‍ എലീന തോമസ് (30) ഗുരുതര നിലയില്‍ സുന്ദരാപുരം അഭിരാമി ആശുപത്രിയിലാണ്.
എലീന നഴ്സിങ് വിദ്യാർഥിനിയാണ്. ഇതുമായി ബന്ധപ്പെട്ട പരീക്ഷയ്ക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഈ മാസം 16 മുതല്‍ 20 വരെയാണ് പരീക്ഷ. എലീനയുടെ സഹോദരൻ അതുല്‍ ബെംഗളൂരുവിവലുണ്ട്. അതുലിന്റെ വീട്ടില്‍നിന്നു പഠിക്കാനും പരീക്ഷയ്ക്കു പോകാനുമായിരുന്നു പദ്ധതി.
എലീനയുടെ അമ്മ ഷീലയുടെ സഹോദരനും ബെംഗളൂരുവിലാണ് താമസം
എലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 18 വർഷം മസ്ക‌ത്തില്‍ ജോലി ചെയ്‌ത ജേക്കബ് 5 വർഷം മുൻപാണ് തിരിച്ചെത്തിയത്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് എലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കുറിയർ വാനുമായാണ് കാർ ഇടിച്ചത്.