July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

1 min read
SHARE

നവീകരിച്ച്, സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ബേപ്പൂർ ഒരു തുറമുഖ പട്ടണമാണ് എന്നതാണ് ബീച്ചിൻ്റെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് ബേപ്പൂരിലക്ക് സഞ്ചാരികൾക്ക് ജല മാർഗ്ഗം വരാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ള തുറമുഖ വികസന പദ്ധതികൾ സർക്കാർ ആലോചനയിലുണ്ട്. ഭാവിയിൽ കൊച്ചി പോലെ ഒരു തുറമുഖ പട്ടണമായി ബേപ്പൂർ മാറും എന്നും മന്ത്രി പറഞ്ഞു.

 

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാട്ടിലെ സാധാരണക്കാരുടെ ഉത്സവമാണ്. വാട്ടർഫെസ്റ്റിൻ്റെ പ്രധാന വേദിയായ ബേപ്പൂർ ബീച്ചിൽ ടൂറിസം വകുപ്പ് 9.94 കോടി രൂപ മുതല്‍ മുടക്കിലാണ് സൗന്ദര്യവത്കരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയത്. ബീച്ച് എന്നും വൃത്തിയുള്ളതും സുന്ദരവുമായി നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനായി നാട്ടിലെ യുവജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടൂറിസം ക്ലബ്ബിന് രൂപം നൽകാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കൂടുതൽ ഹോംസ്റ്റേ സംരംഭങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ് മന്ത്രി പറഞ്ഞു.

ബേപ്പൂര്‍ ബീച്ചിന്റെ ആദ്യഘട്ട ടൂറിസം നവീകരണ പദ്ധതിയാണ് പൂർത്തിയായത്. പുലിമുട്ട് ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്കുകള്‍, സീറ്റിങ് റിനോവേഷന്‍, യാര്‍ഡ് ഡ്രെയിനേജ്, യാര്‍ഡിലെ സീറ്റിംഗ് വര്‍ക്കുകള്‍, ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍, റാമ്പ് വര്‍ക്കുകള്‍, ബ്ലൂ സ്‌പ്രേ കോണ്‍ക്രീറ്റ്, ഡ്രൈവ് വേ കോണ്‍ക്രീറ്റ് വര്‍ക്ക്, ലാന്‍ഡ്‌സ്‌കേപ്പിങ് വര്‍ക്കുകള്‍ എന്നിവയാണ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.

 

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കൗൺസിലർമാരായ ടി രജനി, പി രാജീവ്, നവാസ് വാടിയിൽ, സുരേഷ് കൊല്ലരത്ത്, ഗിരിജ, ടി കെ ഷമീന, ടി രാധാഗോപി, ടൂറിസം വകുപ്പ് മേഖല ജോയിൻറ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി നിഖിൽദാസ് തുടങ്ങിയവർ പങ്കെടുത്തു.