‘എൻഎസ്എസ് സംഘപരിവാറിനെ അകറ്റിനിർത്തുന്ന സംഘടന, ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷം’; വി.ഡി സതീശൻ
1 min read

എൻഎസ്എസിനെ വാനോളം പുകഴ്ത്തിയും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ സ്വാഗതം ചെയ്തും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എൻ.എസ്.എസിനോട് തനിക്ക് അകൽച്ചയില്ലെന്നും സംഘപരിവാറിനെ അകറ്റിനിർത്തുന്നതിൽ മികവ് കാണിക്കുന്ന പ്രസ്ഥാനമാണ് എൻഎസ്എസ് എന്നുമാണ് പ്രതികരണം. എൻഎസ്എസ് വേദിയിൽ രമേശ് ചെന്നിത്തലയ്ക്കുള്ള ക്ഷണം കോൺഗ്രസിനുള്ള അംഗീകാരമാണ്. തനിക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ പോസിറ്റീവായി കാണുന്നെന്നും വി ഡി സതീശൻ പറഞ്ഞു. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചത്. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്.കോൺഗ്രസ് ഒരു സമുദായത്തെയും മാറ്റിനിർത്തില്ല. ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തിൽ താൻ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളിൽ താൻ ഇന്നലെയും പങ്കെടുത്തു. സമൂഹത്തിലെ ആരുമായും ഏത് കോൺഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും തനിക്ക് സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം മതനിരാസമല്ല. അമിതമായി രാഷ്ട്രീയ കാര്യങ്ങളിൽ മതസംഘടനകൾ ഇടപെടരുതെന്ന് പറഞ്ഞത് സാമുദായിക വിരുദ്ധ നിലപാടല്ലെന്നും വിഡി സതീശൻ പറഞ്ഞു.കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്നും അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
