കൂടൊരു ഇലക്‌ട്രിക് കാറും വാങ്ങാല്ലോ, 7-സീറ്റർ എസ്‌യുവിക്ക് 6 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടുമായി എംജി

1 min read
SHARE

സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ കാഴ്ച്ചക്കാരാക്കി ഇലക്‌ട്രിക് കാറുകളിലൂടെ നേട്ടം കൊയ്യുകയാണ് എംജി മോട്ടോർ ഇന്ത്യ. ഹെക്‌ടർ പോലുള്ള ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളിലൂടെയാണ് മോറിസ് ഗരാജസ് എന്ന എംജി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും രാശി തെളിഞ്ഞത് വൈദ്യുത വാഹനങ്ങളിലൂടെയായിരുന്നു. ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി തുടങ്ങിയ മോഡലുകളെല്ലാം വാങ്ങാൻ ആളുകളുടെ വലിയ ക്യൂവാണിപ്പോൾ. എന്നിരുന്നാലും ഹെക്‌ടറും ഹെക്‌ടർ പ്ലസും ആസ്റ്ററും സ്വന്തമാക്കാനും ആളുകൾ വരുന്നുണ്ട് കേട്ടോ. അപ്പോഴും അനാഥനായി കിടക്കുന്നൊരു തട്ടുപൊളിപ്പൻ എസ്‌യുവിയുണ്ട് എംജിയുടെ നിരയിൽ.മറ്റാരുമല്ല, ഫോർഡ് എൻഡവർ കളമൊഴിഞ്ഞപ്പോൾ ആ സ്ഥാനംപിടിക്കാൻ എത്തിയ ഗ്ലോസ്റ്റർ എസ്‌യുവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ കക്ഷിയെ വിശേഷിപ്പിക്കാം. തുടക്കത്തിൽ കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങളും ഗ്ലോസ്റ്ററിന്റെ ഇമേജിനെ സാരമായി ബാധിച്ചിട്ടുണ്ട്.ഡിസൈനിലെ ഗാംഭീര്യതയും ഫീച്ചറുകളുടെ സമ്പന്നതയുമെല്ലാം എംജിയുടെ ഫുൾ-സൈസ് എസ്‌യുവിയെ തുടക്കം മുതലേ വേറിട്ടു നിർത്തുന്ന ഘടകമായിരുന്നുവെങ്കിലും ആളുകൾ വേണ്ട രീതിയിൽ പരിഗണിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു. ഇനി അധികം വൈകാതെ ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ. അതിന് മുന്നോടിയായി നിലവിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് എംജി. ഇതിന്റെ ഭാഗാമായി ഗ്ലോസ്റ്ററിന് ഇതുവരെ കേട്ടിട്ടില്ലാത്ത ഇയർ എൻഡ് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് JSW എംജി മോട്ടോർ. മൂന്ന്-വരി എസ്‌യുവിക്ക് 6 ലക്ഷം രൂപ വരെയുള്ള ഓഫറാണ് കമ്പനി നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡീലർ തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഡിസ്‌കൗണ്ട് ഓഫർ സ്റ്റോക്കിന്റെ ലഭ്യത, സംസ്ഥാനം, നഗരം എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ.ആയതിനാൽ എംജി ഗ്ലോസ്റ്ററിന്റെ ഇയർ എൻഡ് ഓഫറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ കൃത്യമായ വിശദാംശങ്ങൾ മനസിലാക്കാനാവും. നിലവിൽ 38.80 ലക്ഷം മുതൽ 43.87 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന എസ്‌യുവി 6 ലക്ഷം രൂപ വിലക്കുറവിൽ ലഭിക്കുകയാണെങ്കിൽ അതൊരു ലോട്ടറി തന്നെയാണെന്ന് പറയാം.