സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 56 വർഷം
1 min read

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 56 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.
കീഴ്‌വെണ്‍മണിയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 1968ല്‍ നടന്ന ഐതിഹാസികമായ ആ ഭൂസമരത്തിനെതിരെ ഭൂവുടമകളായ സവര്‍ണ മേലാളര്‍ പ്രതികരിച്ചത് 44 ദളിത് കര്‍ഷകത്തൊഴിലാളികളെ ചുട്ടുകൊന്നുകൊണ്ടായിരുന്നു. ഡിസംബര്‍ 25ന് അര്‍ധരാത്രിയിലായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളിൽ ഒന്നായി മാറിയ സംഭവം. തമിഴ്നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ സിപിഐ എം നേതൃത്വത്തിൽ കർഷക തൊഴിലാളികൾ മാന്യമായ ജീവിതത്തിനും കൂലി വർധനവിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ, സ്വന്തമായി ഭൂമിയില്ലാത്ത കൂരകളിൽ താമസിക്കുന്ന ദളിതർ, അപ്പുറത്ത് ആയിരക്കണക്കിന് ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ (എന്തിനും അധികാരമുള്ള പണ്ണയാർമാർ) ഏതൊരു സ്വാതന്ത്ര്യവുമില്ലാത്ത അടിമകളായിരുന്നു അക്കാലത്ത് കർഷക തൊഴിലാളികൾ.
കീഴ്‌വെണ്‍മണിയില്‍ കൂലി വര്‍ദ്ധനവാവശ്യപ്പെട്ടുകൊണ്ട് ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങിയത് സവര്‍ണ ഭൂവുടമകളെയും ഭരണ നേതൃത്വത്തെയും ഒരുപോലെ ചൊടിപ്പിച്ചു. ഭൂസമരവും ശക്തിപ്പെട്ടതോടെ കീഴ്‌വെണ്‍മണിയിലാകെ ചെങ്കൊടി ഉയര്‍ന്നു. അവകാശങ്ങള്‍ നേടാതെ പിന്നോട്ടില്ലെന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ദുരിതങ്ങൾക്കെതിരായ അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് ജന്മി ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ച് പൊലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടത്. കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ്‌വെണ്‍മണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി.1968 ഡിസംബർ 25ന് പുറത്തുള്ള ആളുകളെ ഇറക്കി പണിയെടുപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. അന്ന് രാത്രി നായിഡുവിന്റെ നേതൃത്വത്തിൽ തോക്കുധാരികളായ ഗുണ്ടകൾ ഗ്രാമം വളഞ്ഞു. നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം വെറും 8 അടി നീളവും 5 അടി വീതിയിയുമുള്ള രാമയ്യന്റെ കുടിലിൽ അഭയം പ്രാപിച്ചു. ചുറ്റും തീയിട്ട ഗുണ്ടകൾ രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തീയിലേക്ക് വലിച്ചെറിഞ്ഞു. 44 പേർ മൃഗീയമായി കൊല്ലപ്പെട്ടു. പാതിവെന്ത ശരീരവുമായി പുറത്തേക്കുചാടിയ കുഞ്ഞുങ്ങളെപ്പോലും അവര്‍ വീണ്ടും തിരിച്ചു തീയിലേക്ക് എടുത്തെറിഞ്ഞതായി അക്കാലത്തെ പത്രവാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കും തൊഴിലാളി സമരങ്ങള്‍ക്കും കെടാത്ത കരുത്താണ് കീഴ്‌വെണ്‍മണി.
