July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഇന്ത്യയിൽ ഏറ്റവുമധികം പ്രളയ ഭീഷണി നേരിടുന്ന ഏക സംസ്ഥാനം കേരളം

1 min read
SHARE

സംസ്ഥാനത്ത് പ്രളയഭീഷണി വർധിച്ചതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ (സിഎംഎഫ്ആർഐ) പുതിയ പഠനം. രാജ്യത്തെ തീരദേശ പ്രദേശങ്ങളുടെ കാലാവസ്ഥാ ദൗർലഭ്യം വിലയിരുത്തുന്ന ഈ പഠനത്തിൽ കേരളം പ്രളയത്തിൻറെ അതീവ ഗുരുതര വിഭാഗത്തിൽപ്പെട്ട ഏക സംസ്ഥാനമാണെന്ന് കണ്ടെത്തിയിരിക്കുന്നു. കേരള തീരത്ത് സമുദ്രനിരപ്പ് ഉയരുന്നത്, തീരത്തിൻറെ ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പ്രളയഭീഷണി വർധിക്കാൻ പ്രധാന കാരണങ്ങൾ. എന്നാൽ, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം എന്നിവയുടെ തീവ്രത കേരളത്തിൽ താരതമ്യേന കുറവാണെന്നും പഠനം വ്യക്തമാക്കുന്നു . സംസ്ഥാനത്ത് തീര പ്രദേശങ്ങളിലുണ്ടായ മാറ്റങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളും താരതമ്യേന തീവ്രതയിൽ കൂടുതലായിരുന്നു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കടൽനിരപ്പ് ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. കോഴിക്കോട് ഉയർന്ന തീവ്രത വിഭാഗത്തിലുള്ള ജില്ലയാണ്.ഐപിസിസി-6 അന്താരാഷ്ട്ര കാലാവസ്ഥാ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പുതിയ പഠനം. ഇന്ത്യയിലെ തീരപ്രദേശങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എത്രത്തോളം രൂക്ഷമാകുമെന്നത് ഇതിലൂടെ മനസിലാകും. ഈ പഠനത്തിൽ 14 തരത്തിലുള്ള അപകടസാധ്യതകളെ അടിസ്ഥാനമാക്കി ഒരു സൂചിക തയ്യാറാക്കിയിട്ടുണ്ട്. ഈ സൂചിക പ്രകാരം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അപകടങ്ങൾ ഏറ്റവും രൂക്ഷമായി ബാധിക്കാൻ സാധ്യതയുള്ള ഇന്ത്യൻ തീരദേശ പ്രദേശം ആന്ധ്രപ്രദേശാണ്.

കടൽനിരപ്പ് ഉയരൽ, വെള്ളപ്പൊക്ക സാധ്യത, തീരത്തെ മാറ്റം, ഉഷ്ണതരംഗം, ചുഴലിക്കാറ്റ് സാധ്യത തുടങ്ങിയ അപകടങ്ങൾ ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും സാമൂഹിക-ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു . പടിഞ്ഞാറൻ തീരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റ് അപകടങ്ങൾക്ക് ഉയർന്ന സാധ്യതകളുണ്ട് , ഒഡീഷയും പശ്ചിമ ബംഗാളുമാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.

 

വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരദേശ സമൂഹങ്ങളെയും പ്രാദേശിക സർക്കാരുകളെയും സഹായിക്കാനും അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഈ പഠനത്തിലൂടെ സാധിക്കുമെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞയും പഠനത്തിൻറെ മുഖ്യ രചയിതാവുമായ രേഷ്മ ഗിൽസ് വ്യക്തമാക്കി. 2030-ഓടെ, വളരെ ഉയർന്നതും പ്രവചനാതീതവുമായ വേനൽക്കാല മൺസൂൺ ഇന്ത്യ കാണുമെന്നാണ് ലോകബാങ്ക് റിപ്പോർട്ടുകൾ.