നിങ്ങളുടെ സ്‌കൂൾ അവിടെത്തന്നെ ഉണ്ടാകും’; വെള്ളാർമല സ്‌കൂളിലെ കുഞ്ഞുങ്ങൾക്ക് കരുതലായി മുഖ്യമന്ത്രി

1 min read
SHARE

സ്‌കൂള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് കരുതലായി മുഖ്യമന്ത്രി പിണറായി വിജയന്‍. കലോത്സവ വേദിയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. ഈ സമയത്താണ് തങ്ങളുടെ സ്‌കൂള്‍ മാറ്റരുതെന്നും അവിടെ തന്നെ വേണമെന്നുമുള്ള ആവശ്യം കുട്ടികള്‍ ഉന്നയിച്ചത്. ‘നിങ്ങളുടെ സ്‌കൂള്‍ നല്ല സ്‌കൂള്‍ അല്ലേ, അവിടെത്തന്നെ ഉണ്ടാകും’ എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ അതിജീവന കഥ പറഞ്ഞാണ് കുട്ടികള്‍ സംഘനൃത്തം അവതരിപ്പിച്ചത്. വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു എന്നിവരായിരുന്നു നൃത്തം അവതരിപ്പിച്ചവര്‍. ഇവരെല്ലാം തന്നെ ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ട് പേര്‍ ദുരന്തത്തിന്റെ ഇരകളും. ഉരുള്‍പൊട്ടലില്‍ റിഷികയുടെ വീട് പൂര്‍ണമായും അഞ്ചലിന്റെത് ഭാഗികമായും തകര്‍ന്നിരുന്നു. നാരായണന്‍ കുട്ടിയെഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്.

അതേസമയം, വെള്ളാര്‍മല സ്‌കൂളിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ അവിടത്തെ കുഞ്ഞുങ്ങള്‍ക്കാകുന്നു എന്ന് തെളിയിച്ച നൃത്തശില്‍പമാണ് കലോത്സവ വേദിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിസന്ധികളില്‍ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീര്‍വദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നല്‍കിയത്. അവര്‍ പകര്‍ന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ കലോത്സവം ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.