മണവാളൻ മാനസികാരോഗ്യകേന്ദ്രത്തിൽ, സിനിമയിൽ അഭിനയിക്കാനുണ്ടെന്ന് പറഞ്ഞിട്ടും മുടി മുറിച്ച് വികൃതനാക്കിയെന്ന് കുടുംബം

1 min read
SHARE

ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബർ മണവാളന്റെ കുടുംബം. മകനെ കണ്ടാൽ പോലും തിരിച്ചറിയാത്ത തരത്തിൽ മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബം ആരോപിച്ചു.

ജയിലിലെ പ്രതികളെ കൊണ്ട് മകനെ മർദ്ദിക്കാൻ ശ്രമിച്ചു. മൂന്നുതവണ മർദ്ദിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതികൾ സ്വമേധയാ പിന്മാറി. ജയിൽ ജീവനക്കാർ ബലം പ്രയോഗിച്ചാണ് മുടി മുറിച്ചുമാറ്റിയത്. ഒരാൾ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേർ ശരീരത്തിൽ ബലമായും പിടിച്ചാണ് മുടിയും താടിയും മുറിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഉണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാൽ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. മണവാളനെ ജയിലിൽ എത്തിച്ച ആദ്യ ദിവസം തന്നെ മുടി മുറിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവന്നെങ്കിലും മുടി മുറിക്കാൻ വന്ന ആൾ പിൻവാങ്ങി.

പിറ്റേദിവസം സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം എത്തിയാണ് മുടിയും താടിയും മുറിച്ചുമാറ്റിയത്. മുടി ട്രിമ്മു ചെയ്യുന്നതിനിടയിൽ ഡ്രിമ്മർ തെറ്റിക്കയറുന്നതാണ് രൂപം തന്നെ മാറാൻ ഇടയാക്കിയതെന്ന് വിചിത്രവാദമാണ് ജയിൽ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.

ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മണവാളൻ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കി.സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകും. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ വാഹനം പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് മണവാളൻ റിമാൻഡിൽ ആയത്.