ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ ഇനി സൗജന്യ യാത്ര’; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ
1 min read

ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് കൊച്ചി സ്വദേശി കെ പി മാത്യൂസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്.ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്രാസൗജന്യം( ‘If the fare meter is not working, journey is free’)എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് റോഡ്‌സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ നിർദ്ദേശമാണ് കേരളത്തിലും പ്രാവർത്തികമാക്കുന്നത്. കേരളത്തിൽ സര്‍വീസ് നടത്തുന്ന ഓട്ടോകളിലും ”യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിൻ്റ് ചെയ്ത് സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന വലുപ്പത്തില്‍ എഴുതി വെയ്ക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശം.
