പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ നടക്കുന്നതിനിടെ സൈക്കിള്‍ ചവിട്ടി; 17 കാരന് സൂറത്ത് പൊലീസിന്റെ മർദനം
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന വഴിയിലൂടെ സൈക്കിൾ ചവിട്ടിയ 17 കാരനെ മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. സൂറത്തിലെ രത്തൻ ചൗക്കിൽ വ്യാഴാഴ്ചയാണ് സംഭവം.
സൂറത്തിലെ ലിംബായത്തിൽ നടക്കുന്ന പൊതുയോഗത്തിൽ മോദി പങ്കെടുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ സൂറത്ത് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ കോൺവോയ് റൂട്ടിന്റെ റിഹേഴ്സലിനിടെയാണ് സംഭവം. കാറുകൾ കടന്നുപോകുമ്പോൾ കുട്ടി സൈക്കിൾ ചവിട്ടി എത്തുകയായിരുന്നു.കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യത്തിൽ സബ് ഇൻസ്പെക്ടർ ബി ഗാധ്വി എന്ന പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നതായി കാണാം. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം രാത്രി 9.30 ഓടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, സൂറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു. സബ് ഇൻസ്പെക്ടർ ഗാധ്വിയെ മോർബിയിലേക്ക് സ്ഥലം മാറ്റുകയും ഉദ്യോഗസ്ഥന്റെ ഇൻക്രിമെന്റ് ഒരു വർഷത്തേക്ക് നിർത്തിവെക്കുകയും ചെയ്തു. ഗാധ്വിയുടെ പെരുമാറ്റം മോശമായിരുന്നുവെന്നും സംഭവത്തിൽ “ഖേദിക്കുന്നു” എന്നും മേലുദ്യോഗസ്ഥർ പറഞ്ഞു.
