തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയില്‍ 160 ഏക്കറില്‍ ലുലുവിന്റെ കാര്‍ഷിക പദ്ധതികള്‍; ആദ്യ ഘട്ടത്തില്‍ 50 ഏക്കറില്‍ കൃഷിയിറക്കി
1 min read

തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉല്‍പ്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ കാര്‍ഷികോത്പാദന പദ്ധതിക്ക് ലുലു ഫെയര്‍ ആരംഭം കുറിച്ചത്. ലുലു ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ വിത്തിടല്‍ കര്‍മ്മം നടന്നു. ആദ്യഘട്ടത്തില്‍ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം. തദ്ദേശീയ കര്‍ഷകര്‍ക്കുള്ള ലുലുവിന്റെ പിന്തുണയ്‌ക്കൊപ്പം ആഗോള ഗുണനിലവാരമുള്ള പച്ചക്കറി, പഴ വര്‍ഗങ്ങള്‍ ഇനി ലുലു തന്നെ നേരിട്ട് കൃഷി ചെയ്യും. ഏറ്റവും ഗുണ നിലവാരത്തില്‍ കാര്‍ഷിക വിളകളുടെ കയറ്റുമതി സാധ്യമാകുകയാണ് ലക്ഷ്യം. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലീം വാഴ വിത്തും, തെങ്ങിന്‍ തൈകളും,ചെറിയ ഉള്ളി തൈകളും, മുരിങ്ങ , പാവല്‍ എന്നിവ നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. കൂടാതെ ലുലു ഫിഷ് ഫാമിങ്ങിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചു. രാവസവളം ഒഴിവാക്കി ജൈവീകമായ വളമുപയോഗിച്ചാകും കൃഷി നടത്തുക. പൊള്ളച്ചായിലെ മണ്ണിലെ ഫലഭൂഷിടിയെ പരമാവധി പ്രയോജനപ്പെടുത്തിയാകും കൃഷിരീതി.പുതിയ ചുവടുവയ്പ്പ് കാര്‍ഷിക മേഖലയ്ക്കും തദ്ദേശീയരായ കര്‍ഷകര്‍ക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എം.എ സലീം പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണ്, കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ഏറ്റവും ഗുണനിലവാരത്തില്‍ ആഗോള കമ്പോളത്തിലേക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കാന്‍ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ചടങ്ങില്‍ ഗണപതിപാളയം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക വിളകളുടെ വിത്തുകളും തൈകളും എം.എ സലീം കൈമാറി. സീനിയര്‍ അഗ്രികള്‍ച്ചുറല്‍ കള്‍സള്‍ട്ടന്റമാരായ ശങ്കരന്‍, കാര്‍ത്തികേയന്‍ ,ലുലു ഗ്രൂപ്പ് ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുല്‍ഫീക്കര്‍ കടവത്ത്, ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി ഇ. ഒ. നജീമുദ്ദീന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് , ദുബായ് ലുലു ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ബയ്യിങ് മാനേജര്‍ സന്തോഷ് മാത്യു എന്നിവര്‍ സംബന്ധിച്ചു.
