ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ എല്ലാവരും ഒന്നിക്കണം”കണ്ണൂർ ബിഷപ്പ് അലക്‌സ് വടക്കുംതല.
1 min read

ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ എല്ലാവരും ഒന്നിക്കണം”
ആവിഷ്‌കാര-മാധ്യമ സ്വാതന്ത്ര്യവിലക്കിനെതിരെ പയ്യാമ്പലത്ത് നടന്ന രാത്രിനടത്തം ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂർ ബിഷപ്പ് അലക്‌സ് വടക്കുംതല നടത്തിയ പ്രതികരണമാണ് മുകളിൽ. യേശുവിന്റെയും ടാഗോറിന്റെയും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ലഘുഭാഷണം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതായിരുന്നു. ഈയാഴ്ച കൃസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വലിയ ആഴ്ചയാണ്. സത്യം തുറന്നുപറഞ്ഞതുകൊണ്ടാണ് യേശുവിനെ കുരിശിലേറ്റിയത്. പയ്യാമ്പലം കടപ്പുറത്തെ സ്വദേശാഭിമാനിയുടെ സ്മാരകകുടീരത്തിന് മുന്നിൽ, മൂവന്തിയിലെ കനത്തുവരുന്ന ഇരുളിനെ സാക്ഷിനിർത്തി, ഉള്ളിന്റെ ഉള്ളിലുള്ള വെളിച്ചം കെടാതെ സൂക്ഷിക്കണമെന്ന് ബിഷപ്പ് പറഞ്ഞത് അർത്ഥവത്തായി. നിഴലുകളെ ഇല്ലാതാക്കാൻ സ്വയം ജ്വലിക്കുക എന്ന പ്രയോഗവും ശ്രദ്ധേയമായി. ടാഗോറിന്റെ ഗീതാഞ്ജലിയിലെ വാചകം ഉദ്ധരിച്ച്, സത്യം പറയാനായി തലയുയർത്തിപ്പിടിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കത്രികവെക്കുന്നതിനെതിരെ ഒരുമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കലാസാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും റാന്തലിന്റെയും മൊബൈലിന്റെയും ചെറുവെളിച്ചവുമായി പയ്യാമ്പലം ബീച്ചിലൂടെ നടക്കുമ്പോൾ ബിഷപ്പും ഒപ്പംനടന്നു. കുടുംബസമേതം ബീച്ചിലെത്തിയ സന്ദർശകരും രാത്രിനടത്തത്തിനൊപ്പം ചേർന്നപ്പോൾ അത് പുതിയൊരനുഭവമായി. അതേ, ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെങ്കിൽ, ജാതി-മത-രാഷ്ട്രീയത്തിനതീതമായി നാമൊന്നിക്കണം.
