രാജ്യതലസ്ഥാനത്ത് നിർണായക യോഗങ്ങൾ; രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
1 min read

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്ചകൾ. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം 40 മിനിറ്റോളം നീണ്ടു. സൈനിക നീക്കങ്ങൾക്ക് പുറമേ സുരക്ഷ,
സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ എന്നിവ രാജ്നാഥ് സിംങ് യോഗത്തിൽ വിശദീകരിച്ചു.രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാമെന്ന് തീവ്രവാദികളും അതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന വരും കരുതിയിരുന്നു. എന്നാൽ ഒറ്റക്കെട്ടായി രാജ്യം അതിനെ നേരിട്ടു എന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു .
ഭീകരാക്രമണത്തിന് പിന്നാലെയും പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന സൂചനകൾക്കിടെ റഫാൽ കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവെക്കും. 26 റഫാൽ മറീൻ ജെറ്റുകൾ, ലോജിസ്റ്റിക് പിന്തുണ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. 2016 ല്‍ വ്യോമ സേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. പുതിയ കരാറോടെ ഇന്ത്യയുടെ റഫാല്‍ ശേഖരം 62 ആയി വർദ്ധിക്കും.
അതിനിടെ പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവുമായി വെടിവെപ്പുണ്ടായി. തെക്കൻ കശ്മീരിലെ വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാലു തവണ സേന ഭീകരരുടെ തൊട്ടടുത്തു എത്തി.ഹപത് നാർ ഗ്രാമത്തിനടുത്തുള്ള വനങ്ങളിലാണ് ഭീകരരെ ആദ്യം കണ്ടെത്തിയത്. കുൽഗാമിലെ വനങ്ങളിലും ഭീകരരെ കണ്ടു. ഭീകരർ ഒരു വീട്ടിൽ കയറി ഭക്ഷണം മോഷ്ടിച്ചതായും വിവരമുണ്ട്.
