പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ എന്തധികാരം? ഷഹബാസ് കൊലപാതക കേസിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
1 min read

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.
ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോ? വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാട്ക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു. ഷഹബാസിൻ്റെ പിതാവും കുട്ടികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സർക്കാർ കുട്ടികളുടെ പരീക്ഷ ഫലം പിടിച്ചുവെച്ചത്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.
