ഇനി മുതൽ ആളുമാറി പണമയക്കില്ല; പുതിയ സുരക്ഷാ അപ്‌ഡേറ്റുമായി യുപിഐ
1 min read

ഡിജിറ്റല്‍ പണമിടപാടുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാൻ യുപിഐ. ഇടപാടുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ ചട്ടം അവതരിപ്പിച്ചു. ഇനിമുതല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ നടത്തുന്നയാളിന്‍റെ ഐഡിയായി കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ‘‘ultimate beneficiary name’ മാത്രമേ യുപിഐ ആപ്പുകളില്‍ കാണിക്കുകയുള്ളൂ.
ഇന്ത്യയിൽ ഓരോ മാസവും കോടിക്കണക്കിന് രൂപയുടെ ഡിജിറ്റൽ ഇടപാടാണ് യുപിഐ സംവിധാനം ഉപയോഗിച്ച് നടക്കുന്നത്. ചെറിയ കടകളിൽ മുതൽ, വലിയ ഇടപാടുകൾ വരെ വേഗത്തിൽ നടത്താൻ ഇത് സഹായിക്കുന്നുണ്ട്. എന്നാൽ, ചില ഘട്ടങ്ങളിൽ നമ്മൾ ആളു മാറി പണം അയക്കാറുണ്ട്. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ നഷ്ട്പ്പെട്ടു പോകുന്ന പണം തിരിച്ചു കിട്ടാറുള്ളത്. പലപ്പോഴും അപരിചിതരുടെ അക്കൗണ്ടിലേക്ക് ആ പണം നഷ്ട്ടമാകും.ചില സമയങ്ങളിൽ ആശയക്കുഴപ്പം മൂലമോ അല്ലെങ്കില്‍ മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന സമാനമായ പേരുകള്‍ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. എൻപിസിഐ പുതിയ ചട്ടം അനുസരിച്ച് ഇനി മുതൽ പണം മാറി അയക്കുന്ന സ്ഥിതിയുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇടപാട് നടത്തുമ്പോൾ കണ്‍ഫര്‍മേഷന്‍ സ്‌ക്രീനിലും ഇടപാട് ഹിസ്റ്ററിയിലും പണം സ്വീകരിക്കുന്ന ആളിന്‍റെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഔദ്യോഗിക പേര് മാത്രമാണ് കാണിക്കുന്നതെന്ന് ഉറപ്പാക്കാന്‍ യുപിഐ സേവനം നല്‍കുന്ന ആപ്പുകളോട് എന്‍പിസിഐ നിര്‍ദേശം വച്ചിട്ടുണ്ട്.
ഇത് വ്യക്തികൾ പരസ്പരം നടത്തുന്ന ഇടപാടിനും ഒരു വ്യക്തി മറ്റൊരു വ്യാപാരിയുമായി നടത്തുന്ന ഇടപാടുകള്‍ക്കും ബാധകമാകും. ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്ക് പണം അയക്കുന്ന അക്കൗണ്ട് ഉടമകളെ കുറിച്ച് ആശയക്കുഴപ്പം ഇല്ലാത്ത വിധം വിവരങ്ങൾ അറിയാൻ സാധിക്കുകയും അവരുടെ ഫണ്ടുകളുടെ സുരക്ഷാ വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. ഫോൺ പേയും, പേ ടി എമ്മും ഗൂഗിൾ പേയും അടക്കമുള്ള ഡിജിറ്റൽ ഇടപാട് സംവിധാനങ്ങൾ ഉടൻ ഇത് നടപ്പിലാക്കിയേക്കും.
