July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകൾ

1 min read
SHARE
കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ ഇനി ഗൂഢപൂജയുടെ നാളുകൾ. സ്ത്രീകളും വിശേഷവാദ്യങ്ങളും ആനകളും അക്കരെ കൊട്ടിയൂരിൽ നിന്ന്‌ മടങ്ങി.

തിങ്കളാഴ്ച ഉച്ചശീവേലിയെ തുടർന്ന് അക്കരെ കൊട്ടിയൂരിൽ നിന്നും സ്ത്രീകൾ പിൻവാങ്ങി. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലംവെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച് സ്വയംഭൂവിന് മുന്നിൽ നമസ്കരിച്ച ആനകൾ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടു.

കലംപൂജകൾക്ക് ആവശ്യമായ കലങ്ങൾ നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിൽ മുഴക്കുന്നിൽ നിന്ന്‌ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗണപതിപ്പുറത്ത് എത്തിച്ചു. രാത്രി കലങ്ങളുമായി സംഘം സന്നിധാനത്ത് പ്രവേശിച്ചു.തിരുവഞ്ചിറയിൽ മൂന്ന് തവണ വലംവെച്ച് കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിലെ പ്രത്യേക അറയിൽ കലങ്ങൾ സമർപ്പിച്ചു. മണിത്തറയിൽ ദർശനം നടത്തി പ്രസാദം സ്വീകരിച്ച് സംഘാംഗങ്ങൾ മടങ്ങി.

പൂജകൾക്ക് കലങ്ങളെടുത്ത് നൽകാനായി നല്ലൂരാൻ സ്ഥാനികൻ മാത്രം ക്ഷേത്രത്തിൽ തങ്ങി. രാത്രി തന്നെ ഗൂഢപൂജകൾ ആരംഭിച്ചു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും കലം പൂജകളും വ്യാഴാഴ്ച ചതുശ്ശതങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശതം സമർപ്പണം. അന്ന് തന്നെ വാളാട്ടവും കലശ പൂജയും നടത്തും. വെള്ളിയാഴ്ച തൃക്കലശാട്ടോടെ ഈ വർഷത്തെ വൈശാഖോത്സവം സമാപിക്കും.