അഗ്നി സുരക്ഷ സംവിധാനങ്ങളില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്
1 min read

അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള ഇലക്ട്രിക്‌സിറ്റി വിതരണം തടഞ്ഞ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം). സ്റ്റേഡിയത്തിന് നിര്‍ബന്ധിത അഗ്‌നി സുരക്ഷാ ക്ലിയറന്‍സും ഫയര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (ഫയര്‍ എന്‍ഒസി) ഇല്ലെന്നാണ് ഫയര്‍ഫോഴ്‌സിന്റെ കണ്ടെത്തല്‍. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡയറക്ടര്‍ ജനറലാണ് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്റ്റേഡിയം പരിസരത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ ബെസ്‌കോമിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചിന്ന സ്വാമി സ്റ്റേഡിയം കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും മൈതാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കുന്നതും അറ്റകുറ്റപ്പണികള്‍, പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതും കര്‍ണാടക ക്രിക്കറ്റ് അസോസിയേന്റെ മേല്‍നോട്ടത്തിലാണ്.ഇക്കഴിഞ്ഞ ജൂണ്‍ നാലിന്, ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്സിഎ) നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തില്‍ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ തുടങ്ങിയ വകുപ്പുകള്‍ എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ദാരുണ സംഭവത്തെ തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിശദമായ് പരിശോധിക്കാന്‍ കാരണമായി.
