വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം; ചികിത്സ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘത്തിൻ്റെ നിർദേശാടിസ്ഥാനത്തിൽ
1 min read

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. സർക്കാർ നിയോഗിച്ച മെഡിക്കൽ കോളേജിലെ 7 അംഗ വിദഗ്ധ സംഘത്തിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് വി എസിന് ചികിത്സ നൽകുന്നത്. നിലവിൽ ഡയാലിസിസ് തുടരുകയാണ്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അതെസമയം, വി എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സഹായവും തുടരാനാണ് മെഡിക്കൽ ബോർഡിൻ്റെ തീരുമാനം.ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
