സത്യം വിളിച്ചു പറഞ്ഞതിന് ഡോ ഹാരിസിനെതിരെ നടപടി എടുത്താൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉണ്ടാകും’; വി ഡി സതീശൻ
1 min read

ഗവർണർ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് പെരുമാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി മാറരുത്. ഗവർണർ മതപ്രചരണവും രാഷ്ട്രീയ പ്രചരണവും നടത്തരുതെന്നും വി.ഡി. സതീശൻ വിമർശിച്ചു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കില്ല. അത് നിയമപരമായി നിലനില്‍ക്കില്ല.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ- മത പ്രചരണങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കരുത്. മെഡിക്കൽ കോളേജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസിനെതിരേ നടപടി എടുക്കരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
യൂറോളജി ഡിപ്പാർട്ട്മെന്റിലെ കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞത്. മെഡിക്കൽ കോളജിൽ നടക്കുന്ന മറ്റു കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ല. സത്യം വിളിച്ചു പറഞ്ഞതിന് ഡോക്ടർക്കെതിരെ നടപടി എടുത്താൽ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഉണ്ടാകും. എല്ലാ വിഷയങ്ങളിലും എൽഡിഎഫിനകത്ത് ഭിന്നാഭിപ്രായമുണ്ട്. ഖദർ വിവാദം ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള മാധ്യമ ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു. ചർച്ചയാക്കേണ്ടത് ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
