തൻ്റെ ചോറിന് മുകളില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും നിശബ്ദൻ: സുരേഷ് ഗോപിക്കെതിരെ കെ സി വേണുഗോപാൽ
1 min read

കൊച്ചി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ടെന്നും ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദേഹം നിശബ്ദനാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ശബ്ദിക്കണമെന്നും കെ സി വേണുഗോപാൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല നടക്കുന്നത്, ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണുണ്ടായത്. മുന്‍പും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ള പേരുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ ജനാധിപത്യ സ്വഭാവമുള്ള തരത്തിലുള്ള സമീപനമാണ് സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ഒട്ടേറെ ആശങ്കകള്‍ക്കും ഭയപ്പാടിനും വഴിവയ്ക്കുന്നത് കൂടിയാണെന്നും കെ സി വ്യക്തമാക്കി.മുന്‍പ് എമ്പുരാന്‍ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം പോലും അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായി. എവിടേക്കാണ് ഈ രാജ്യത്തെ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കലാകാരന്മാര്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും നീതിക്കായുള്ള യുദ്ധത്തില്‍ അവരോട് ഐക്യപ്പെടുന്നുവെന്നും കെ സി ഫേസ്ബുക്കില്‍ കുറിച്ചു.
