July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

മാലിന്യ മുക്തം രോഗമുക്തം 2025 ക്യാമ്പയിന് തുടക്കമായി

1 min read
SHARE

 

മാലിന്യ മുക്തം രോഗ മുക്തം 2025 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഡി പി സി ചെയര്‍പേഴ്‌സണ്‍ അഡ്വ കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. മാലിന്യ മുക്തം രോഗമുക്തം 2025 ശുചിത്വ ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത് അധ്യക്ഷനായി. ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍ പദ്ധതി അവതരണം നടത്തി. ജലജന്യ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംസ്ഥാന ശുചിത്വമിഷന്‍ മാലിന്യമുക്തം രോഗമുക്തം 2025 ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 31 വരെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ നടത്തും. മഴക്കാല രോഗങ്ങള്‍ തടയുന്നതിനായി വൃത്തിയുള്ള കൈകള്‍, വീടുകള്‍, പരിസരങ്ങള്‍, ശുചിമുറികള്‍, വൃത്തിയുള്ള ഓടകളും ജലാശയങ്ങളും, വൃത്തിയുള്ള പൊതുവിടങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുക. വീട് തോറും ബോധവല്‍ക്കരണ പരിപാടികളും നടത്തും. സ്‌കൂളുകളിലും അങ്കണവാടികളിലും കൈകഴുകല്‍ പ്രോത്സാഹിപ്പിക്കല്‍, സുരക്ഷിത കുടിവെള്ള വിതരണ സംവിധാനം ഉറപ്പാക്കല്‍, കൃത്യസമയത്തുള്ള മാലിന്യ ശേഖരണവും നീക്കവും ഉറപ്പാക്കല്‍, മാലിന്യം കൂട്ടിയിടുന്ന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുക എന്നിവയുംക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു. ജില്ലയില്‍ ആരംഭിച്ച സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിനായി മികച്ച ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള്‍ നടത്തും. അങ്കണവാടികളിലും സ്‌കൂളുകളിലും ജല ഗുണനിലവാര പരിശോധനകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ജലജന്യ രോഗങ്ങള്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും നടത്തും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശുചിത്വ മാലിന്യ പരിപാലനം ശാസ്ത്രീയമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡിപിസി അംഗങ്ങളായ അഡ്വ ബിനോയ് കുര്യന്‍, അഡ്വ. ടി. സരള, കെ താഹിറ, ലിസി ജോസഫ്, ഗവ. നോമിനി കെ വി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.