July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ജീവിതശൈലിക്ക് പുതിയ താളംതീര്‍ത്ത് ഇരിണാവ് വനിതാ ഫിറ്റ്‌നസ് സെന്റര്‍

1 min read
SHARE

പേരിനൊരു പദ്ധതിയല്ല ഇരിണാവ് വനിതാ ഫിറ്റ്നെസ് സെന്റര്‍. പഞ്ചായത്തിലെ 400 സ്ത്രീകളുടെ ജീവിതശൈലി മാറ്റിമറിച്ച വലിയൊരു തീരുമാനമാണ്. ചിട്ടയായ വ്യായാമം, മികച്ച ആരോഗ്യശീലങ്ങള്‍, വിനോദ യാത്രകള്‍, വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിങ്ങനെ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയ വിശാലമായ സാധ്യതകളില്‍ ജീവിതത്തിന്റെ താളം കണ്ടെത്തിയെന്ന വലിയ സന്തോഷവും കൂടിയാണ്.

സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍, രക്തക്കുറവ്, പിസിഒഡി തുടങ്ങിയവ ചിട്ടയായ വ്യായാമത്തിലൂടെയും ക്രമമായ ആരോഗ്യ ശീലങ്ങളിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച ഫിറ്റ്‌നസ് സെന്റര്‍ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, ശാരീരിക ക്ഷമത ഉയര്‍ത്തുക എന്നതിനൊപ്പം സ്വയം പ്രതിരോധത്തിന്റെ പാഠങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. പദ്ധതിയുടെ ആരംഭം മുതല്‍ മികച്ച രീതിയിലുള്ള സ്ത്രീ പങ്കാളിത്തമാണ് ഇവിടെ ലഭിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച കെട്ടിടത്തില്‍ എല്ലാതരം ഫിറ്റ്നസ് മെഷീനുകളും ഉണ്ട്. കുറഞ്ഞ നിരക്കിലുള്ള ഫീസ് മാത്രമാണ് ഈടാക്കുന്നത് എന്നതും വനിതകള്‍ക്ക് സഹായകരമാണ്.

15 വയസുമുതലുള്ള പെൺകുട്ടികൾ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്. കൂടുതലും മുപ്പതു വയസിനു മുകളിലുള്ള വീട്ടമ്മമാരും ജോലി ചെയുന്നവരുമാണ് പരിശീലനത്തിന് എത്തുന്നത്. പേർസണൽ ട്രെയിനിങ്ങിൽ സർട്ടിഫൈഡായ രണ്ട് വനിതാ ട്രെയിനർമാരാണ് പരിശീലനം നൽകുന്നത്. ആഴ്ചയിൽ എല്ലാ ശനിയാഴ്ചയും ഇവിടെ സൂംബ ക്ലാസും നൽകുന്നുണ്ട്.

മൾട്ടി ജിം, സ്മിത്ത് മെഷീൻ, ആബ്സ് സ്കോർ, ലെഗ് എക്സ്റ്റൻഷൻ, ലെഗ് കേൾ, സൈക്കിൾ, ട്രെഡ് മിൽ എന്നിവയാണ് ഇവിടുത്തെ പ്രധാന മെഷീനുകൾ. മറ്റ് ഫിറ്റ്നസ് സെന്ററുകളെ അപേക്ഷിച്ച് ഇവിടെ ദിവസേന സ്റ്റെപ്പർ, ഏറോബിക്, കാർഡിയോ തുടങ്ങിയ ഗ്രൗണ്ട് വർക്കൗട്ടും നൽകാറുണ്ട്. രാവിലെ ആറ് മുതൽ എട്ട് മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ എട്ട് മണി വരെയുമാണ് ഇവിടുത്തെ പ്രവർത്തന സമയം. ഇതിൽ വൈകുന്നേരം അഞ്ച് ബാച്ചുകളിലായി 200 ഓളംപേർ പരിശീലനത്തിന് എത്താറുണ്ട്. നിലവിൽ 400 ഓളം അഡ്മിഷൻ ഇവിടെയുണ്ട്.

ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇരിണാവ് വനിതാ സംരംഭകത്വ വിപണന കേന്ദ്രം കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ 2024-25 പദ്ധതിയിലാണ് പൂര്‍ത്തീകരിച്ചത്. 35 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.