August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 1, 2025

വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് ഇ ഡി

1 min read
SHARE

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ഇ ഡി. ഓഗസ്റ്റ് 5 ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ അനിൽ അംബാനിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു.

ഡൽഹിയിലെയും മുംബൈയിലെയും അംബാനിയുടെ കമ്പനികളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ ഇഡി റെയ്ഡുകൾ നടത്തി നാല് ദിവസത്തിന് ശേഷമാണ് സമൻസ് അയച്ചത്. ജൂലൈ 24 ന് ആരംഭിച്ച റെയ്ഡുകൾ മൂന്ന് ദിവസം നീണ്ടു നിന്നിരുന്നു. 35 ലധികം സ്ഥലങ്ങളിലായി 50 ലധികം കമ്പനികളെയും, അനിൽ അംബാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 25 വ്യക്തികളെയും ഇഡി പരിശോധിച്ചിരുന്നു.

അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കോടിക്കണക്കിന് രൂപയുടെ വായ്പ തരപ്പെടുത്തിയ ശേഷം തിരിമറി നടത്തിയെന്ന് സെബിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. യെസ് ബാങ്കിൽ നിന്നുള്ള ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഗ്രൂപ്പ് കമ്പനികളിലൂടെയും ഷെൽ കമ്പനികളിലൂടെയും തട്ടിയെടുത്തതായാണ് ആരോപണം. വായ്പകൾ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടർമാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

അതേസമയം, തട്ടിപ്പ് ആരോപണങ്ങൾ കമ്പനി ശക്തമായി എതിർത്തിരുന്നു. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ ഓഹരികൾ കടുത്ത വിൽപനസമ്മർദമാണ് നേരിടുന്നത്. ഇന്നും ഈ ഓഹരികളുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.