August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 3, 2025

പശുക്കടവിലെ വീട്ടമ്മ ബോബിയുടെ മരണം; പൊലീസിനെതിരെ വിമർശനവുമായി പഞ്ചായത്ത് പ്രസിഡൻ്റ് കെ സജിത്ത്

1 min read
SHARE

തൊട്ടിൽപ്പാലം പശുക്കടവിലെ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തിൽ പൊലീസിനെതിരെ വിമർശനവുമായി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്. മരണം സംഭവിച്ചതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മേയാൻ വിട്ട പശുവിനെ തേടിയാണ് ബോബി കോങ്ങോട് മലയിലേക്ക് പോയത്. രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മക്കൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒരു മണിയോടെ ബോബിയുടെയും വളർത്തു പശുവിന്റെയും മൃതദേഹങ്ങൾ കൊക്കോത്തോട്ടത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കൊക്കോമരത്തിൽ ഫെൻസിങ് ഘടിപ്പിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പഞ്ചായത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനവും മരണം ഷോക്കേറ്റാണ് എന്ന് സ്ഥിരീകരിച്ചു.ബോബിയുടെ മരണം വൈദ്യുതക്കെണിയിൽ നിന്നേറ്റ ഷോക്കുമൂലമാണെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. ഇതേത്തുടർന്ന് നരഹത്യയ്ക്ക് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 105, 106 വകുപ്പുകൾ കേസിൽ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൃഷി സംരക്ഷിക്കാൻ വേണ്ടിയല്ല ഈ വൈദ്യുതക്കെണി സ്ഥാപിച്ചതെന്നും മൃഗവേട്ടയാണ് ലക്ഷ്യമിട്ടതെന്നും പൊലീസ് സംശയിക്കുന്നു.ബോബിയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. സ്ഥലത്തിന്റെ ഉടമയായ ആലക്കൽ ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഇപ്പോൾ തീരുമാനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പഞ്ചായത്ത് അംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മരണം സംഭവിച്ചതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് പക്ഷത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നുമാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ.