കന്യാസ്ത്രീകളെ സ്വീകരിക്കാൻ പോയത് ബിജെപിയുടെ നിലപാടല്ല’; രാജീവ് ചന്ദ്രശേഖറിനെ തള്ളി VHP
1 min read

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ തള്ളി വിഎച്ച്പി ദേശിയ നേതൃത്വം. കന്യാസ്ത്രീകളെ സ്വീകരിക്കാൻ പോയത് ബിജെപിയുടെ നിലപാടല്ലെന്ന് വിഎച്ച്പി ദേശീയ ജോയിന്റ് സെക്രട്ടറി ഡോ.സുരേന്ദ്ര ജയിൻ.സേവനത്തിന്റെ പേരിൽ മത പരിവർത്തനവും, മനുഷ്യ കടത്തും ലൗ ജിഹാദും പാടില്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും ഡോ.സുരേന്ദ്ര ജയിൻ വ്യക്തമാക്കി. ബിജെപിയുടെ നിലപാട് പാർലമെന്റിൽ ദുർഗ് എംപി വ്യക്തമാക്കിയിട്ടുണ്ട്. ഭരണമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന പാർട്ടിയാണ് ബിജെപി. ജാമ്യം കിട്ടി എന്നതിനർത്ഥം നിരപരാധികളെന്നല്ല. വിഷയത്തിൽ അന്വേഷണം നടക്കണമെന്ന് ഡോ.സുരേന്ദ്ര ജയിൻ പറഞ്ഞു.പള്ളികളിൽ എന്തെല്ലാം നടക്കുന്നു എന്ന് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഡോ.സുരേന്ദ്ര ജയിൻ പറഞ്ഞു. ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റർമാരായ പ്രീതി മേരിയും വന്ദനാ ഫ്രാൻസിസും മോചിതരായത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് കന്യാസ്ത്രീകളെ റയിൽവെ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.
