July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ലൈഫ് പദ്ധതി: എത്ര വെല്ലുവിളികള്‍ വന്നാലും ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

1 min read
SHARE

കണ്ണൂര്‍: എത്ര വലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മറച്ചുവെക്കപ്പെടുന്ന കാര്യങ്ങള്‍ സമൂഹത്തോട് തുറന്നു പറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ് എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. അത് ഇന്ന് ചിലര്‍ പരിഹസിച്ചത് കണ്ടു. മറച്ചു വെക്കപ്പെടുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടേ? അങ്ങനെ ഒളിപ്പിച്ചു വെക്കുന്നതും ജനങ്ങള്‍ അനിവാര്യമായും അറിയേണ്ടതുമായ ഒരു വിഷയം തന്നെയാണ് ഭവന നിര്‍മ്മാണത്തിന്റെ പ്രശ്‌നം. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാന്‍  കഴിയുന്ന സ്ഥിതി വരുമായിരുന്നു.” ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും മറ്റെല്ലാ മാര്‍ഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മ്മാണത്തിനായി കരാര്‍ വച്ചത്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ തകര്‍ന്നു എന്നു ബോധപൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യം. എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണ്.”

”കഴിഞ്ഞ ദിവസം ഒരു മാധ്യമം ചില പിശകുകളോടെ ഭവന നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് ഒരു വാര്‍ത്ത നല്‍കിയത് കണ്ടു. കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിനാല്‍ പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി മുടങ്ങി എന്നാണ് വാര്‍ത്ത. പി എം എ വൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020-21നു ശേഷം കേന്ദ്രം ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി ആ പട്ടികയില്‍ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാന്‍ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.”