‘യുപി സ്വദേശികളുടെ മക്കളെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടത്തി’; പ്രതിക്കെതിരെ പുതിയ ആരോപണവുമായി അയൽവാസി.
1 min read

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മൂന്നു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ സെന്തിലിനെതിരെ പുതിയ ആരോപണവുമായി അയൽവാസിയായ വാരിസ് ഹുസൈൻ. യുപി സ്വദേശികളുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ മുമ്പ് ശ്രമം നടന്നിരുന്നതായി വാരിസ് വ്യക്തമാക്കി. ശ്രമത്തിനിടെ ഒരു കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി ഇത് അമ്മയോട് പറഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മക്ക് അന്ന് അത് മനസ്സിലായിരുന്നില്ലെന്ന് അയൽവാസിയായ വാരിസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. സംഭവത്തിലെ പ്രതിയായ തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. ഇയാള്‍ പറഞ്ഞതിൽ അസ്വാഭാവികത തോന്നിയെന്നും ഇയാളെ ആദ്യമായിട്ടാണ് കാണുന്നതെന്നും ഡ്രൈവർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓട്ടോയിൽ കയറി മറ്റൊരു കാറിലേക്ക് കുഞ്ഞിനെ മാറ്റാൻ ശ്രമിക്കുന്നതിൽ സംശയം തോന്നിയെന്നും ഇവർ പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ മറുപടിയിൽ വ്യക്തത ഇല്ലാതെ വന്നപ്പോഴാണ് ഇവർ പൊലീസിനെ വിളിച്ചു വരുത്തിയത്. പിന്നീട് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
