ഗൂഗിൾ മാപ്പ് ചതിച്ചു, കോട്ടയത്ത് കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു; യാത്രക്കാരെ രക്ഷിച്ചു, കാർ മുങ്ങി
1 min readകോട്ടയം: കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടത്. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.ഒരു വനിതയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചതായിരുന്നുവെന്നും കാർ വെളളത്തിലേക്ക് ഇറക്കിയ ശേഷമാണ് അപകടം മനസിലായതെന്നുമാണ് യാത്രക്കാർ പറയുന്നത്. ഇരുട്ടായതിനാൽ മുന്നിൽ വെളളമാണെന്നും മനസിലായില്ല. മഴ കനത്ത് പെയ്തതിനാൽ തോട് നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു. മണിക്കൂറുകളോളം തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.