കുട്ടികളെ ഞെട്ടിക്കാം ഈ ബീറ്റ്‌റൂട്ട് ഹൽവ കൊണ്ട്

1 min read
SHARE

എളുപ്പത്തിലും ആരോഗ്യപ്രദമായും ഉണ്ടാക്കാൻ കഴിയുന്ന മധുരപലഹാരങ്ങൾ കണ്ടെത്താനാണ് ഏറ്റവും പാട്. മധുരം ഏറിയാൽ അത് ശരീരത്തിന് നല്ലതാണോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ ഒരേ സമയം ആരോഗ്യപ്രദവും രുചിയേറിയതുമായ ഒരു ഹൽവ വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കിയാലോ. എളുപ്പത്തിൽ ബീറ്റ്‌റൂട്ട് ഹൽവ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത്- 2 കപ്പ്
പാല്‍ – ഒന്നര കപ്പ്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
കശുവണ്ടി- 25 എണ്ണം
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചുവടുഭാഗം കട്ടിയുള്ള പാനില്‍ നെയ്യൊഴിച്ച് കശുവണ്ടി വറുത്തുകോരി വെയ്ക്കുക. ശേഷം ഈ നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തുവെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ചേര്‍ത്ത് 8 മിനിറ്റ് ചെറിയ തീയില്‍ നന്നായിവഴറ്റുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് അടച്ചുവെച്ച നന്നായി വേവിക്കണം. ഇടയ്ക്ക് അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കി കൊടുക്കണം.പാല്‍ കുറുകി പാകമായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.

പഞ്ചസാര ചേര്‍ക്കുമ്പോള്‍ ഇതില്‍ വീണ്ടും ജലാംശം വരും. അതിനാല്‍ കുറച്ചു സമയം നന്നായി ഇളക്കി കൊടുക്കണം. കുറുകി പാകമായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ചേര്‍ത്തുകൊടുക്കാം. ശേഷം രണ്ടു മിനിട്ടു കൂടി പാകം ചെയ്യണം.ചെറു ചൂടോടെയോ , ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിന് ശേഷമോ കഴിയ്ക്കാം. വേണമെങ്കില്‍ പിസ്ത ചേര്‍ത്ത് അലങ്കരിയ്ക്കാം.