ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് സർക്കാർ മുന്നോട്ട് പോകും: മന്ത്രി ജെ ചിഞ്ചുറാണി.
1 min readസംസ്ഥാന ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ ഉദ്യോഗസ്ഥർ അണിനിരന്ന ഉജ്വല പ്രകടനത്തോടെ മൂന്നു ദിവസമായി കൊല്ലത്തുനടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്‌ച കൊടി ഇറങ്ങി.ഡി എ കുടിശികയുൾപ്പെടെ പ്രശ്‌നങ്ങളുണ്ട്.സംസ്ഥാന ജീവനക്കാരെ കൈവിട്ടുകൊണ്ടുള്ള ഒരുനിലപാടും സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കേന്ദ്ര സർക്കാർ സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും സാധാരണക്കാരെ സഹായിക്കാനുള്ള ഉത്തരവാദിത്തവും സംസ്ഥാന സർക്കാർ തുടർന്നും നിറവേറ്റും. ജനങ്ങളാണ് യഥാർഥ യജമാന്മാർ. അവരെ മറന്നുകൊണ്ട് സർക്കാർ ഒരിക്കലും പ്രവർത്തിക്കില്ല. മുതലാളിത്തത്തിന്റെ കുഴലൂത്തുകാരായ കേന്ദ്ര സർക്കാർ പൊതുസർവീസിനെ നശിപ്പിക്കുകയാണെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാർ പാവപ്പെട്ടവർക്കായി എന്നും നിലകൊള്ളണമെന്ന് യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്ത എൻജിഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും കെഎസ്എഫ്ഇ ചെയർമാനുമായ കെ വരദരാജൻ പറഞ്ഞു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് സുദേവൻ,സ്വാഗതസംഘം ജനറൽ കൺവീനർ എ ബിന്ദു, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ദിലീപ്, കൊല്ലം ജില്ലാ പ്രസിഡന്റ് എൽ മിനിമോൾ, സെക്രട്ടറി എ ആർ രാജേഷ് ജനറൽ സെക്രട്ടറി എം ഷാജഹാൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.