ഏറെ സ്വപ്നങ്ങളുമായി നാല് ദിവസം മുമ്പ് കുവൈറ്റിലെത്തി; ക്യാമ്പിലെ തീപിടിത്തത്തിൽ ആ ജീവനും പൊലിഞ്ഞു

1 min read
SHARE

തൃശ്ശൂർ: പ്രതീക്ഷകൾക്ക് ചിറകുകൾ നൽകിയാണ് ഓരോ പ്രവാസിയും വിമാനം കയറുന്നത്. സ്വന്തമായി വീടുവെക്കണമെന്നത് തുടങ്ങി ഒട്ടേറെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി ആയുസിൻ്റെ പകുതിയും ഉറ്റവരെയും ഉടയവരെയും വിട്ട് പുറം നാടുകളിൽ ജീവിച്ച് തീർക്കുന്നവരാണ് പ്രവാസികൾ. കഴിഞ്ഞ ദിവസം കുവൈറ്റിലുണ്ടായ തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തിൽ പൊലിഞ്ഞത് അത്തരം പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. ഏറെ സ്വപ്നങ്ങളുമായി നാല് ദിവസം മുമ്പ് കുവൈറ്റിൽ വന്നിറങ്ങിയ ചാവക്കാട് സ്വദേശി ബിനോയിയും അപകടത്തില്‍ മരിച്ചു. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് മണിവരെ ഓൺലൈനിൽ ഉണ്ടായിരുന്ന ബിനോയിയെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് ബിനോയിയെ കാണാനില്ലെന്ന് പരാതി നൽകിയത്. ബിനോയ് തോമസിനെ കൊണ്ടുപോയ ആളുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളാണ് മരണം സ്ഥിരീകരിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. ‘ബിനോയ് തോമസിനെ കൊണ്ടുപോയ ആളുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോർച്ചറിയിൽ പോയി കണ്ട് സ്ഥിരീകരിച്ച ശേഷമാണ് വിവരം കുടുംബത്തെ അറിയിച്ചത്. ഫോട്ടോസും ആധാർ കാർഡ് വിവരങ്ങളും അയച്ചുകൊടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിച്ചതായി വിവരം നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയ് കുവൈറ്റിലേക്ക് പോയത്. വ്യാഴാഴ്ച അവിടത്തെ ഹെഡ് ഓഫീസിൽ ചെന്നാണ് ബിനോയി റിപ്പോർട്ട് ചെയ്ത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ് ജോലിയിൽ പ്രവേശിച്ചത്. മരണം സംഭവിക്കുന്ന ദിവസം വരെ ജോലി ചെയ്തിട്ടുണ്ട്, അപകടത്തിന് രണ്ടര മണിക്കൂർ മുൻപേ ഭാര്യയോട് സംസാരിച്ചിരുന്നു’, പാസ്റ്റർ കുര്യാക്കോസ് പറഞ്ഞു. കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിലാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ തീപിടിത്തം ഉണ്ടായത്. 49 പേരാണ് മരിച്ചത്. അതിൽ 43 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ 24 മലയാളികളുടെ മരണം നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചു. ആറു നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീ പടർന്ന് 20 ഓളം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ഈ ദുരന്തം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. തീ പടർന്ന് പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പലരും മരിച്ചത് വിഷ പുക ശ്വസിച്ചായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.