ക്ഷേമപെൻഷനിൽ ആശങ്ക വേണ്ട’, കുടിശ്ശിക ഉടൻ തീർക്കുമെന്ന് ധനമന്ത്രി,സര്‍ക്കാര്‍ പറ്റിക്കുന്നുവെന്ന് പ്രതിപക്ഷം
1 min readതിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശിക സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിഷയത്തിൽ പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നു. നിലവിൽ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. ഇതിൽ ഒരു ഗഡു ഉടൻ കൊടുക്കും. സമയ ബന്ധിതമായി കുടിശ്ശിക കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും. ധനമന്ത്രി ചോദിച്ചു.പെൻഷൻ കുടിശ്ശിക വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ, അടിയന്തിപ പ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസിവിഷ്ണു നാഥ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാടന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്. പെൻഷൻ അവകാശമല്ല സഹായമാണെന്ന് ഹൈകോടതിയിൽ സർക്കാർ സത്യർ വാങ് മൂലം നൽകി.
ക്ഷേമ പെൻഷനിൽ നിന്ന് സർക്കാർ മെല്ലെ പിൻവാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
പെൻഷൻ നല്കാൻ ഇന്ധന സെസ് ഏർപ്പെടുത്തിയിട്ടും സർക്കാർ പറ്റിക്കുകയാണ്. കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ ഒരു വർഷമായി കുടിശ്ശികയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പലർക്കും പല പെൻഷൻ കിട്ടുമായിരുന്നു. തെരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് എല്‍ഡിഎഫ് തോറ്റു എന്നറിയാൻ ഒരു നിർമ്മാണ തൊഴിലാളിയെ കണ്ടാൽ മതി. അല്ലാതെ മൂന്നു ദിവസം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു
സ്റ്റാട്യൂട്ടറി പെൻഷൻ രാജ്യത്ത് നിർത്തലാക്കിയത് മൻമോഹൻ സിംഗാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാൽ തിരിച്ചടിച്ചു. പെൻഷനിൽ ആശങ്ക വേണ്ട. കുടിശ്ശിക ഉടൻ തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.കുടിശ്ശികയുടെ കാര്യത്തിൽ സർക്കാൻ കള്ളം പറയുന്നു. നിലവിൽ ആറ് മാസത്തെ കുടിശ്ശികയുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നെന്ന് ധനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.